India

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധനവില കൂടി; വര്‍ധനവ് 18 ദിവസത്തിന് ശേഷം

18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 12 മുതല്‍ 15 പൈസ വരെയും ഡീസലിന് 15 മുതല്‍ 18 പൈസ വരെയുമാണ് കൂടിയത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമുണ്ടായതിന് പിന്നാലെയാണ് വില വര്‍ധനവ്.

ഫെബ്രുവരി 23 വരെ രാജ്യത്ത് ഇന്ധനവിലയില്‍ ദിനംപ്രതി വര്‍ധനവുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വില കൂട്ടിയിരുന്നില്ല. അവസാനമായി വില കൂടിയത് ഏപ്രില്‍ 15നായിരുന്നു.

തെരഞ്ഞെടുപ്പും ഇന്ധനവിലക്കയറ്റം നിര്‍ത്തിയതും തമ്മില്‍ ബന്ധമില്ലെന്നാണ് വിമര്‍ശനങ്ങള്‍ക്കിടയിലും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാരിന് കീഴിലുള്ള എണ്ണക്കമ്പനികളില്‍ അടക്കം വില വ്യത്യാസമെന്നാണ് സര്‍ക്കാര്‍ വാദം.

പുതിയ വില വര്‍ധനവോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 90 രൂപ 55 പൈസയായി. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 90നും 96നും ഇടയിലാണ് ഇന്ധനവില. കൊച്ചിയില്‍ പെട്രോളിന് 90 രൂപ 50 പൈസയും ഡീസലിന് 85 രൂപ 14 പൈസയുമാണ്.