India

പെഗസിസ് വിവാദം: കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തെ എതിർത്ത് ഹർജിക്കാർ

പെഗസിസ് ഫോൺ ചോർത്തൽ കേസിൽ ആരോപണങ്ങൾ തള്ളിക്കൊണ്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തെ എതിർത്ത് ഹർജിക്കാർ.

സത്യവാങ്മൂലം സമർപ്പിക്കേണ്ടത് ഐ.ടി. മാത്രാലയമല്ല, ആഭ്യന്തര സെക്രട്ടറിയാണെന്നാണ് ഹർജിക്കാരുടെ വാദം. കൂടാതെ ഹർജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ ഗൂഢാലോചന അന്വേഷിക്കാനുള്ള കേന്ദ്രത്തിന്റെ വിദഗ്ധ സമിതി രൂപീകരണത്തെ ശക്തമായി എതിർത്തു.

കേസ് സുപ്രിംകോടതി പരി​ഗണിക്കാൻ പോകുമ്പോഴാണ് രണ്ട് പേജുള്ള സത്യവാങ്മൂലം സർക്കാർ നൽകിയിരിക്കുന്നത്. പെഗസിസ് വിഷയത്തിൽ ഇതുവരെ വന്നിട്ടുള്ള എല്ലാ വെളിപ്പെടുത്തലുകളും കേന്ദ്രസർക്കാർ തള്ളിയിരിക്കുകയാണ്. വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും സർക്കാർ ഉയർത്തിയ വാദങ്ങൾ തന്നെയാണ് സത്യവാങ്മൂലത്തിലും ആവർത്തിച്ചിരിക്കുന്നത്. പെഗസിസ് വിവാദങ്ങൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്. എങ്കിലും ഇവ പരിശോധിക്കാൻ ഒരു വിദ​ഗ്ധ സമിതിക്ക് രൂപം നൽകും എന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.

അവസാനത്തെ ഇനമായി കേസ് ഇന്ന് തന്നെ പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. പെഗസിസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ഹർജികളാണ് സുപ്രിംകോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.