പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർ.എസ്.എസിനുമെതിരെ കടുത്ത വിമർശനവുമായി യു.എസ് മാധ്യമപ്രവർത്തകൻ പീറ്റർ ഫ്രെഡറിക്. ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രത്തിനായി പ്രവർത്തിക്കുന്ന ആർ.എസ്.എസും, അതിന്റെ ഉത്പന്നമായ മോദിയും ലോകത്തെ വലതുപക്ഷ തീവ്രവാദത്തിന് പ്രചോദനമേകുകയുണ്ടായി എന്നാണ് പീറ്റർ ഫ്രഡറിക് പറഞ്ഞത്. യു.എസിലെ ഹൂസ്റ്റൺ സിറ്റി കൗൺസലിൽ സംസാരിക്കുകയായിരുന്നു ഫ്രെഡറിക്.
ലോകത്തെ ഞെട്ടിച്ച 2011ലെ നോർവെ കൂട്ടക്കുരുതി, തുടർന്നിങ്ങോട്ട് നിരവധി വലതുപക്ഷ ഭീകരവാദത്തിന് വഴിമരുന്നിടുകയുണ്ടായി. അമേരിക്കയിലെ ടെസ്കസിലും, ന്യൂസിലാന്റിലെ ക്രെെസ്റ്റ് ചർച്ചിലും ആക്രമണങ്ങള്‍ നടന്നത് നോർവേ കൂട്ടക്കുരുതിയുടെ ആവേശമുൾക്കൊണ്ടാണ്. 77 പേരെ കൊന്ന ആൻഡേഴ്സ് ബ്രെവിക് അദ്ദേഹത്തിന്റെ മാനിഫെസ്റ്റോയിൽ, ലോകത്തെ വിവിധയിടങ്ങളിലെ വലതുപക്ഷ ആശയങ്ങൾ തന്നെ സ്വാധീനിച്ചതായി പറയുന്നു. ഇന്ത്യയിലെ ആർ.എസ്.എസിനെയും അതിന്റെ പ്രത്യയശാസ്ത്രത്തേയും ബ്രവിക് പ്രശംസിക്കുന്നത് നമുക്ക് കാണാവുന്നതാണെന്നും പീറ്റർ ഫ്രെഡറിക് പറയുന്നു.
ഒരു ഹിന്ദു രാഷ്ട്രം രൂപീകരിക്കുന്നതിനായി പ്രവർത്തിക്കുന്ന ആർ.എസ്.എസിനെ പ്രകീർത്തിക്കുന്ന ബ്രെവവിക്, തെരുവുകളിൽ ഭീതി പടർത്തി കലാപമുണ്ടാക്കി മുസ്‍ലിം വിരോധം ആളിക്കത്തിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളെ അനുമോദിച്ചിരുന്നതായും ഫ്രെഡറിക് ചൂണ്ടിക്കാട്ടി.
നാസികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 1925ല്‍ നിലവിൽ വന്ന ആർ.എസ്.എസിൽ നിന്നുമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നത്. 2002 ഗുജറാത്ത് കലാപത്തിൽ രണ്ടായിരത്തിലധികം മുസ്‍ലിങ്ങളെ കൊന്ന കേസിൽ ആരോപണവിധയനാണ് മോദി. കലാപത്തിൽ പങ്കെടുത്ത പലരും ക്യാമറക്ക് മുന്നിൽ മോദിയുടെ പങ്ക് വ്യക്തമാക്കുകയും ചെയ്തതാണ്. ഇക്കാരണത്താൽ, പത്ത് വർഷം മോദിക്ക് വിസ നിഷേധിച്ച രാജ്യമാണ് അമേരിക്ക.
ഇന്ന് മോദിയുടെയും ആർ.എസ്.എസിന്റെയും ഏകാധിപത്യത്തിൽ ഇന്ത്യയിലെ കൃസ്ത്യൻ, മുസ്‍ലിം, ദലിത് വിഭാഗങ്ങളും, ആർ.എസ്.എസിനെ എതിർക്കുന്നവരും ഭീതിയോടെയാണ് കഴിയുന്നത്. രക്ത പങ്കിലമാണ് മോദിയുടെ കെെകൾ. മോദിക്ക് ചുവന്ന പരവതാനി വിരിക്കുന്നവർ ഈ കൂട്ടക്കൊലകളിൽ അക്രമികളുടെ പക്ഷത്താണെന്നും ഫ്രെഡറിക് പറഞ്ഞു.