India

മധ്യപ്രദേശിലും നദിയില്‍ നിന്ന് മൃതശരീരങ്ങള്‍ കണ്ടെടുത്തു

രണ്ടാം കോവിഡ് തരം​ഗം രൂക്ഷമായതിനിടെ ദുരന്ത ചിത്രം വീണ്ടും. ഉത്തര്‍പ്രദേശിനും ബിഹാറിനും പിന്നാലെ, മധ്യപ്രദേശിലും നദിയിൽ ശവശരീരങ്ങൾ പൊങ്ങി. നേരത്തെ യു.പിയിലെയും ബിഹാറിലെയും ഗംഗാ തീരങ്ങളില്‍ തുടർച്ചയായ ദിവസങ്ങളിൽ മൃതശരീരങ്ങൾ പൊങ്ങിയത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. നാല് മുതൽ അഞ്ച് വരെ മൃതദേഹങ്ങൾ നദിയിൽ കാണപ്പെട്ടുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മധ്യപ്രദേശിൽ കാണപ്പെട്ട മൃതദേഹങ്ങൾ കോവിഡ് ബാധിച്ച് മരിച്ചവരുടേതല്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ തുടർച്ചയായ ദിവസങ്ങളിൽ ഉത്തർപ്രദേശിലെയും ബിഹാറിലെയും ​ഗം​ഗാ നദിക്കരയിൽ മൃതദേഹങ്ങൾ വന്നടിഞ്ഞിരുന്നു. കോവി‍ഡ് മരണം രൂക്ഷമായതോടെ ശവശരീങ്ങൾ ആംബുലൻസിൽ കൊണ്ടുവന്ന് നദിയിൽ തള്ളുന്നതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുകയുണ്ടായി. ബിഹാറിലെ ബക്സറിൽ 71 മ‍‍ൃതദേഹങ്ങളാണ് ​ഗം​ഗയിൽ നിന്ന് കണ്ടെടുത്തത്. തൊട്ടടുത്ത ദിവസം ഉത്തർപ്രദേശിൽ നിന്ന് നാൽപ്പതിലേറെ മ‍ൃതദേഹങ്ങളാണ് കിട്ടിയത്. എന്നാൽ സംഭവത്തിൽ ഉത്തർപ്രദേശ് – ബിഹാർ സർക്കാരുകൾ പരസ്പരം പഴിചാരുകയാണ്. ഇതിനിടെ മൃതദേഹങ്ങള്‍ ജലാശയങ്ങളില്‍ തള്ളുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധന കര്‍ശനമാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.