India National

ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരായ കേസ് നിബന്ധനകളോടെ പിന്‍വലിക്കാമെന്ന് പെപ്‌സികോ

ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ കേസ് ഉപാധികളോടെ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പെപ്‌സികോ കോടതിയെ അറിയിച്ചു. കമ്പനിക്ക് ഉടമസ്ഥാവകാശം ഉള്ള പ്രത്യേക ഇനം ഉരുളകിഴങ്ങ് ഉദ്പാദിക്കുന്ന കര്‍ഷകര്‍ പെപ്‌സിക്കോയ്ക്ക് മാത്രമേ ഉത്പ്പന്നം വില്‍ക്കാവൂ എന്നതടക്കമുള്ള നിബന്ധനകളാണ് മുന്‍പോട്ട് വച്ചിരിക്കുന്നത്.

കര്‍ഷകര്‍ക്കെതിരെ 1.05 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ച പെപ്‌സികോ ഇപ്പോള്‍ നിബന്ധനകള്‍ക്ക് വിധേയമായി കേസ് പിന്‍വലിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. കമ്പനിക്ക് പൂര്‍ണ്ണ ഉടമസ്ഥാവകാശമുള്ള ഉരുളകിഴങ്ങ് ഇനമായ എഫ്.എല്‍ 2027 ഇനി മുതല്‍ കര്‍ഷകര്‍ ഉപയോഗിക്കാന്‍ പാടില്ല.

അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കപ്പെട്ട ഈ ഇനത്തിലുള്ള ഉരുളക്കിഴങ്ങുകള്‍ കമ്പനി ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് പണം നല്‍കും. അല്ലെങ്കില്‍ കര്‍ഷകര്‍ ഉരുളക്കിഴങ്ങുകള്‍ ഉത്പാദിപ്പിച്ച് പെപ്‌സിക്കോയ്ക്ക് മാത്രം വില്‍ക്കുന്ന രീതി അവലംബിക്കണം. ഈ നിബന്ധനകള്‍ ഏതെങ്കിലുമൊന്ന് പാലിക്കാന്‍ തയ്യാറായാല്‍ കമ്പനി കേസ് പിന്‍വലിക്കുമെന്ന് അഭിഭാഷകര്‍ കോടതിയില്‍ അറിയിച്ചു.

എന്നാല്‍, ഇതിന് മറുപടി നല്‍കാന്‍ സമയം വേണമെന്നാണ് കര്‍ഷകര്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസ് ഇനി ജൂണ്‍ 12നാണ് പരിഗണിക്കുന്നത്. പെപ്‌സികോയുടെ നടപടിയെ അപലപിച്ച ഓള്‍ ഇന്ത്യ കിസാന്‍ സഭ കര്‍ഷകര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട കിസാന്‍സഭ കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി രൂപീകരിക്കപ്പെട്ട പി.പി.വി ആന്റ് എഫ്.ആര്‍ അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്.