India

പെഗാസസ്: പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറിയും പുതിയ പട്ടികയിൽ

ഇസ്രായോൽ നിർമിത ചാരസോഫ്റ്റ്‍വെയറായ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയ കൂടുതൽ പേരുടെ വിവരങ്ങൾ പുറത്ത്. 2G സ്പെക്ട്രം കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥൻ രാജേശ്വർസിങ്, അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് വി.കെ ജെയിൻ എന്നിവരുടെ ഫോണും ചോർത്തി.

പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറിയും പുതിയ പട്ടികയിലുണ്ട്. ഒരാഴ്ച മുമ്പാണ് ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടക്കം മുന്നൂറോളം പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ആരോപണം നിഷേധിക്കുകയായിരുന്നു. രാജ്യത്തിന്റെ വികസനം മുടക്കാന്‍ ശ്രമിക്കുന്ന വിദേശ ശക്തികളാണ് വാര്‍ത്തക്ക് പിന്നിലെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണം.

എന്നാല്‍ ഇതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. അമിത് ഷായുടെ പ്രസ്താവനക്കും ചിദംബരം മറുപടി പറഞ്ഞു. തന്റെ കീഴില്‍ ഇത്തരമൊരു സംഭവം നടന്നിട്ടും അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറയുന്ന അമിത് ഷാ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.