പെഗസിസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ടു കൂടുതൽ പേരുകൾ ഇന്ന് പുറത്തുവന്നേക്കും. വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടേതുൾപ്പെടെ വൻ പേരുകളാണ് ഇനിയും പുറത്തു വരാനുള്ളത് എന്നാണ് റിപ്പോർട്ട്.
റോ, കരസേന, ബിഎസ്എഫ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോണുകൾ ചോർത്തിയതായുള്ള റിപ്പോർട്ട് പെഗസിസ് പ്രോജക്ട്ട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ടുജി സ്‌പെക്ട്രം കേസും, കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന് എതിരായ എയർസെൽ മാക്‌സിസ് കേസും അന്വേഷിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ രാജേശ്വർ സിംഗ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പി.എ വി. കെ ജെയിൻ തുടങ്ങിയ പേരുകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.
പെഗസിസ് ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് ആദ്യം രംഗത്തെത്തിയത്. തുടർന്ന് ‘ദി വയർ’ അടക്കമുള്ള മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടു. കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, സുപ്രിംകോടതി ജഡ്ജി, മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതായാണ് ആരോപണം. സംഭവം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.