ജാതി അധിക്ഷേപം മൂലം മുംബൈയില്‍ ജൂനിയര്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന് അഭിഭാഷകൻ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളും പായൽ മരിച്ച സാഹചര്യങ്ങളും വിശകലനം ചെയ്യുമ്പോൾ ഒരു കൊലപാതകമാകാനുള്ള സാധ്യതയാണ് കാണുന്നതെന്ന് പായലിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ പ്രസ്താവിച്ചു.
ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പായലിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ മുറിവിന്റെ അടയാളങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. മരണത്തിനുള്ള പ്രധാന കാരണങ്ങൾക്ക് താഴെ കഴുത്തിൽ മുറിവുകളുടെ അടയാളങ്ങളുടെ തെളിവുകൾ കണ്ടതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്ന് എൻ.ഡി. ടിവി റിപ്പോർട്ട് ചെയ്യുന്നു.
കൊലപാതകത്തിന്റെ സാധ്യത കൂടി പോലീസ് അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ട് വരണമെന്നും അതിന് അന്വേഷണ സംഘത്തിന് 14 ദിവസം സമയം നല്കണമെന്നും പായലിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ നിതിൻ സത്പുത് ആവശ്യപ്പെട്ടു. “കുറ്റാരോപിതരായ ആളുകൾ പായലിന്റെ ബോഡി മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോവുകയും പിന്നീട് ഹോസ്പിറ്റലിലേക്ക് കൊണ്ട് വരികയുമാണ് ചെയ്തത് .തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന് സംശയമുണ്ട് ” അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു .
കുറ്റാരോപിതരായ മൂന്നു ഡോക്റ്റർമാരെയും 14 ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും സാക്ഷികൾ സമ്മർദ്ദത്തിലാണെന്നും പ്രോസിക്ക്യൂട്ടർ ജയ്സിംഗ് ദേശായി കോടതിയോട് ആവശ്യപ്പെട്ടു.”കുറ്റാരോപിതരായ ആളുകൾ സാക്ഷികളേക്കാൾ ഉയർന്ന നിലയിലുള്ളവരായതിനാൽ തന്നെ സാക്ഷികള്‍ അവർക്കെതിരെ മൊഴി നൽകാൻ ഭയപ്പെടുന്നു. കേസില്‍ നേരായ രീതിയിൽ അന്വേഷണം നടക്കാതിരുന്നാൽ അത് സമൂഹത്തിൽ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കും. കുറ്റാരോപിതരുടെ ഫോണിൽ നിന്നുള്ള ഡിലീറ്റ് ചെയ്ത വാട്സ്ആപ് സംഭാഷണങ്ങൾ വീണ്ടെടുക്കേണ്ടതുണ്ട് ” ദേശായ് കോടതിയിൽ പറഞ്ഞു
കുറ്റാരോപിതർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ഇതൊരു കൊലപാതകമാണെന്ന വാദം നിഷേധിച്ചു. കുറ്റാരോപിതർക്ക് പായലിന് അഡ്മിഷൻ കിട്ടിയത് സംവരണ ക്വാട്ടയിലാണെന്ന് അറിവില്ലായിരുന്നുവെന്നും അത് കൊണ്ട് അവരുടെ ജാതി ഏതെന്നും അറിയില്ലായിരുന്നുവെന്നും അഭിഭാഷകൻ കോടതിയിൽ പ്രസ്താവിച്ചു. ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയത് പായലിന്റെ മാതാവിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണെന്നും അതിനെ പിന്തുണക്കുന്ന മറ്റു യാതൊരു തെളിവുകളുമില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
അതേസമയം പായലിന്റെ മരണം നടന്ന ബി.വൈ.എല്‍ നായര്‍ ആശുപത്രി അധികൃതർ ആന്റി റാഗിങ് സെൽ രൂപീകരിക്കുകയും അന്വേഷണത്തില്‍ ഇവര്‍ക്കെതിരായ ആരോപണം ശരിയാണെന്നും തെളിഞ്ഞിട്ടുണ്ട്. പായല്‍ ആത്മഹത്യ ചെയ്യുന്ന ദിവസവും ഓപറേഷന്‍ തിയറ്ററിനടുത്ത് മറ്റ് ജീവനക്കാരുടെ മുന്നില്‍ വെച്ച് ഇവര്‍ പായലിനെ അധിക്ഷേപിച്ചതിന് സാക്ഷിമൊഴികളുണ്ട്. മൂന്നു പേര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പിറകെ, പട്ടിക ജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരവും റാഗിങ് വിരുദ്ധ നിയമപ്രകാരവുമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
വിഷയത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മീഷന്‍ ബി.വൈ.എല്‍ ആശുപത്രി അധികൃതരോട് വിശദമായ റിപ്പോര്‍ട്ട് തേടി. അതിനിടെ കുറ്റാരോപിതരായ ഡോ.അങ്കിത ഖണ്ഡേല്‍വാല്‍, ഡോ.ഭക്തി മെഹ്‌രെ, ഡോ.ഹേമ അഹുജ എന്നിവരെ മഹാരാഷ്ട്രയിലെ ഡോക്റ്റർമാരുടെ സംഘടനയായ മഹാരാഷ്ട്ര അസോസിയേഷൻ ഫോർ റസിഡന്റ് ഡോക്ടർസ് ( എം.എ.ആർ.ഡി ) സസ്‌പെൻഡ് ചെയ്തിട്ടുണ്ട് . വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു തിങ്കളാഴ്ച മൂവരും സംഘടനക്ക് കത്തെഴുതിയിരുന്നു.