പൗരത്വ നിയമത്തിനെതിരെ യോജിച്ചുള്ള സമരമാണ് വേണ്ടതെന്ന് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് പി ചിദംബരം. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സമരം നടത്തേണ്ടതില്ലെന്ന കെപിസിസി നിലപാട് തള്ളുന്നതാണ് പി ചിദംബരത്തിന്‍റെ പ്രസ്താവന. പ്രാദേശികമായ രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം വിശാലതാല്‍പര്യം എല്ലാവരും കണക്കിലെടുക്കണമെന്ന് ചിദംബരം പറഞ്ഞു.
പ്രക്ഷോഭം ആരു നയിക്കുന്നുവെന്ന് നോക്കേണ്ടതില്ല. നിലവിലെ പ്രശ്നത്തിന്‍റെ ഗൗരവം മനസിലാക്കാന്‍ എല്ലാവരും തയ്യറാകണം. ബംഗാളില്‍ ഇടതുപാര്‍ട്ടികളുമായി യോജിച്ചുള്ള സമരത്തിന് കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്തത് ചിദംബരം ചൂണ്ടിക്കാട്ടുകയും ചെയ്തു. പൗരത്വ നിയമത്തിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളത്തിന് അധികാരമുണ്ടെന്നും പി ചിദംബരം കൊല്‍ക്കത്തയില്‍ പറഞ്ഞു.