India National

പൗരത്വ ഭേദഗതി നിയമം:ജനുവരി 1 മുതല്‍ ഒരാഴ്ച പ്രതിഷേധിക്കാന്‍ ഇടത് പാര്‍ട്ടികള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഇടത് പാര്‍ട്ടികള്‍ ജനുവരി ഒന്നുമുതല്‍ ഏഴ് വരെ പ്രതിഷേധവാരമായി ആചരിക്കുന്നതിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സിപിഎം,സിപിഐ,സിപിഐ (എം,എല്‍ )എല്‍,ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്‌,ആര്‍എസ്പി തുടങ്ങിയ പാര്‍ട്ടികളുടെ ദേശീയ നേതൃത്വമാണ് സംയുക്ത പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്‍റെ വിവധ ഭാഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഇടത് പാര്‍ട്ടികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രക്ഷോഭകാരികളെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തുകയാണെന്നും ഇടത് പാര്‍ട്ടികള്‍ ആരോപിക്കുന്നു.ഉത്തര്‍ പ്രദേശ്‌,കര്‍ണാടക,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭകാരികളെ പോലീസ് അടിച്ചമര്‍ത്തുകയാണെന്നും ഈ പോലീസ് മര്‍ദ്ദനങ്ങളെ ശക്തമായി അപലപിക്കുകയാണെന്നും ഇടത് പാര്‍ട്ടികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും രാജ്യത്തിന്‍റെ സാമ്ബത്തിക നില തകര്‍ച്ചയിലാണെന്നും ഇക്കാര്യത്തില്‍ യാതൊരു നടപടിയും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും ഇടത് പാര്‍ട്ടികള്‍ ആരോപിക്കുന്നു.കേന്ദ്രസര്‍ക്കാരിനെതിരെ സമരരംഗത്തുള്ള തൊഴിലാളി സംഘടനകളെയും കര്‍ഷക സംഘടനകളെയും പിന്തുണയ്ക്കുന്നതായും ഇടത് പാര്‍ട്ടികള്‍ അറിയിച്ചു.