ഡൽഹിയിൽ വീടുകളിൽ ചികിത്സയിലുള്ള രോഗികൾ ഓക്‌സിജൻ ലഭിക്കാതെ കടുത്ത പ്രതിസന്ധിയിൽ. പന്ത്രണ്ട് മണിക്കൂറിലേറെ കാത്തുനിന്നാണ് ഇവർക്ക് ആവശ്യമായ ഓക്‌സിജൻ ലഭിക്കുന്നത്. വൻതുക ഓക്‌സിജന് ഈടാക്കുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഡൽഹിയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ശമനമില്ല. ഇതോടൊപ്പമാണ് കടുത്ത ഓക്‌സിജൻ ക്ഷാമം. മതിയായ ഓക്‌സിജൻ ലഭിക്കാതെ രോഗികൾ ദുരിതമനുഭവിക്കുമ്പോൾ നിസഹായകരായി നോക്കി നിൽക്കാൻ മാത്രമാണ് സർക്കാരിന് കഴിയുന്നത്. ആശുപത്രികളിൽ ബെഡ്ഡുകളുടേയും ഓക്‌സിജന്റേയും അഭാവം മൂലം പലരും വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. വീടുകളിൽ കഴിയുന്നവർക്കും ഓക്‌സിജൻ ലഭ്യമാകുക പ്രയാസമാണ്. മണിക്കൂറുകളോളും കാത്തുനിന്നാൽ മാത്രമേ ഓക്‌സിജൻ ലഭിക്കുകയുള്ളൂ.
സമാനമാണ് വരി നിൽക്കുന്ന നൂറു കണക്കിന് ആളുകളുടെ അവസ്ഥ. കരിഞ്ചന്തയിൽ 50കിലോ സിലിണ്ടറിന് 50000 രൂപ വരെ നൽകേണ്ടി വരുന്നുണ്ട്. ഇത് നൽകാൻ തയ്യാറായാലും ഓക്‌സിജൻ കിട്ടാൻ വഴിയില്ല. എന്തു ചെയ്യണമെന്നാണ് ഇവർ ചോദിക്കുന്നത്. അതേസമയം, ഇന്ന് മുതൽ സ്വകാര്യ വിതരണ കേന്ദ്രങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് ഓക്‌സിജൻ നൽകില്ല എന്നാണ് തീരുമാനം. ഇത് പ്രതിസന്ധിയിലാക്കുന്നത് നൂറുകണക്കിന് ജീവനുകളെയാണ്.