India National

പാര്‍ലമെന്റ് സമ്മേളനം നീട്ടിയതില്‍ പ്രതിപക്ഷത്തിന് അമര്‍ഷം

പാര്‍ലമെന്റ് സമ്മേളനം നീട്ടിയതില്‍ പ്രതിപക്ഷത്തിന് അമര്‍ഷം. ചര്‍ച്ചയില്ലാതെ പരമാവധി ബില്ലുകള്‍ പാസാക്കിയെടുക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമമെന്നാണ് വിമര്‍ശം. ബില്ലുകള്‍ പാര്‍ലമെന്ററി ഉപസമിതികള്‍ക്ക് വിടാത്തതിനെതിരെ സി.പി.ഐ ഇരുസഭകളുടെയും അധ്യക്ഷന്മാര്‍ക്ക് കത്തയച്ചു.

നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഇന്നലെയായിരുന്നു രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് ആഗസ്ത് ഏഴ് വരെ നീട്ടുന്നതായി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രൽഹാദ് ജോഷി ഇന്നലെ സഭയെ അറിയിച്ചു. മുത്തലാക്ക് ബില്ല്, യു.എ.പി.എ, ആര്‍.ടി.ഐ, എന്‍.ഐ.എ ഭേദഗതി ബില്ലുകളടക്കം 33 സുപ്രധാന ബില്ലുകളാണ് ഇതിനകം ഇരുസഭകളിലുമായി പാസാക്കിയത്. ഇതില്‍ ചില ബില്ലുകള്‍ ഇരുസഭകളിലും പാസായിട്ടുണ്ട്. യു.എ.പി.എ, മുത്തലാക്ക് അടക്കമുള്ള ബില്ലുകള്‍ രാജ്യസഭയില്‍ പരിഗണിക്കാനിരിക്കുകയാണ്. മതിയായ ചര്‍ച്ച പോലും ഇല്ലാതെ ഇവയെല്ലാം ആദ്യ സമ്മേളനത്തില്‍ തന്നെ പാസാക്കിയെടുക്കാനാണ് കേന്ദ്രനീക്കമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

സമ്മേളന കാലാവധി നീട്ടുന്നതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. സഭ ബഹിഷ്കരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ എതിര്‍പ്പില്ലാതെ ബില്ലുകള്‍ പാസായേക്കുമെന്നതിനാല്‍ സഭ നടപടികളില്‍ പങ്കെടുക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. ഒരു ബില്ല് പോലും നിലവില്‍ പാര്‍ലമെന്ററി ഉപസമിതികള്‍ക്ക് വിട്ടിട്ടില്ല. ലോക്സഭ ഇതുവരെയും സ്റ്റാന്റിങ് കമ്മിറ്റി രൂപീകരണവും നടത്തിയിട്ടില്ല. പാര്‍‍ലമെന്റിന്റെ സൂക്ഷ്മ പരിശോധനയില്ലാതെ ബില്ലുകള്‍ പാസാക്കുന്നതില്‍ കടുത്ത ആശങ്കയിലാണ് പ്രതിപക്ഷ കക്ഷികള്‍. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ഇരുസഭകളുടെയും അധ്യക്ഷന്മാര്‍ക്ക് കത്തയക്കുകയും ചെയ്തു.