India National

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഇന്നവസാനിക്കും

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഇന്നവസാനിക്കും. രാജ്യസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കുകയാണെന്ന് അധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിച്ചു. കാര്‍ഷിക പരിഷ്കരണ ബില്ല് പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭാ ബഹിഷ്കരണം തുടരുകയാണ്. ലോക്സഭ ഇന്ന് ആറ് മണിക്ക് ചേര്‍ന്ന് സമ്മേളനം അവസാനിപ്പിക്കും.

ഒക്ടോബര്‍ ഒന്ന് വരെയായിരുന്നു പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേന്ദ്രമന്ത്രിമ്മാര്‍ ഉള്‍പ്പടെ മുപ്പതിലധികം എം പിമ്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സമ്മേളനം വെട്ടിച്ചുരുക്കാമെന്ന് തീരുമാനത്തിലെത്തുകയായിരുന്നു. കാര്‍ഷിക പരിഷ്കരണ ബില്‍, തൊഴില്‍ നിയമ ഭേദഗതി ബില്‍ എന്നിവ പാസായതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം അഴിച്ച് വിട്ടതും സമ്മേളനം മുന്നോട്ട് കൊണ്ട് പോകേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാരിനെ എത്തിച്ചു. 43 ബില്ലുകളാണ് പാര്‍ലമെന്‍റിന്‍റെ പരിഗണനക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാര്‍ഷിക മേഖലയെ സംബന്ധിക്കുന്ന മൂന്ന് ബില്ലുകള്‍. വിദേശ സഹായ നിയന്ത്രണ ബില്‍, ആരോഗ്യപ്രവര്‍കത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയുന്ന ബില്‍ എന്നിവയടക്കം പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനായി.

ഇന്ന് മാത്രം പതിനാറോളം ബില്ലുകളാണ് ഇന്ന് രാജ്യസഭയുടെ പരിഗണനക്ക് വന്നത്. രാജ്യസഭാ ബില്ലുകള്‍ പാസാകും വരെ നീട്ടിക്കൊണ്ട് പോകും. അതിനാല്‍ ലോക്സഭാ വൈകീട്ട് ആറ് മണിക്കാണ് സമ്മേളിക്കുക. ഇന്ത്യാ- ചൈന സംഘര്‍ഷം, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, കോവിഡ് പ്രതിരോധത്തിലെ പാളിച്ച എന്നിങ്ങനെയുള്ള വിഷയങ്ങള്‍ സര്‍ക്കാരിന് നേരെ ശക്തമായി ഉയര്‍ത്താനുള്ള അവസരം പ്രതിപക്ഷത്തിന് കിട്ടിയില്ല. എന്നാല്‍ രാജ്യസഭയിലെ കാര്‍ഷിക ബില്‍ വോട്ടെടുപ്പിനിടെയുണ്ടായ പ്രതിഷേധവും പ്രതിപക്ഷ എം.പിമാരെ പുറത്താക്കിയതും രാഷ്ട്രീയമായി ഉയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. സമ്മേളനം അവസാനിച്ചാലും കര്‍ഷക വിഷയം രാജ്യത്ത് സജീവ ചര്‍ച്ചയാകും.