India National

പാര്‍ലമെന്‍റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

രണ്ട് ദിവസങ്ങളായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്ലാതിരുന്നതിനാല്‍ കാര്യമായോ ചര്‍ച്ചകളോ എതിര്‍പ്പുകളോ ഇല്ലാതെയാണ് പല ബില്ലുകളും പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പാസ്സാക്കിയത്. വിവാദമായ തൊഴില്‍ പരിഷ്കരണ ബില്ല് അടക്കം പതിനാല് ബില്ലുകളാണ് രാജ്യസഭ ഒറ്റ ദിവസം കൊണ്ട് പാസാക്കിയത്. സവാള, ഉരുളക്കിഴങ്ങ്, പയര്‍ വര്‍ഗ്ഗങ്ങള്‍ അടക്കമുളള ഭക്ഷ്യവസ്തുക്കള്‍ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്നൊഴിവാക്കിയ ബില്ലും പ്രതിപക്ഷത്തിന്‍റെ അഭാവത്തില്‍ പാസ്സാക്കി.

സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെ ചേരാനിരുന്ന വര്‍ഷകാലസമ്മേളനത്തില്‍ 43 ബില്ലുകളാണ് പാര്‍ലമെന്‍റിന്‍റെ പരിഗണനക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാര്‍ഷിക മേഖലയെ സംബന്ധിക്കുന്ന മൂന്ന് ബില്ലുകള്‍ അടക്കം പ്രധാനപ്പെട്ട ബില്ലുകള്‍ എല്ലാം പാസാക്കിയെടുക്കാന്‍‍ കേന്ദ്ര സര്‍ക്കാരിനായി. പ്രതിപക്ഷം എതിര്‍പ്പുന്നയിച്ച ബില്ലുകളില്‍ ഒന്ന് പോലും സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്കോ സെലക്ട് കമ്മിറ്റിക്കോ വിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഇന്ത്യാ- ചൈന സംഘര്‍ഷം, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, കോവിഡ് പ്രതിരോധത്തിലെ പാളിച്ച എന്നിങ്ങനെ സര്‍ക്കാരിനെതിരെയുള്ള വിഷയങ്ങള്‍ മുഴുവന്‍ സമ്മേളന കാലയളവില്‍ വഴി തിരിച്ച് വിടാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

എന്നാല്‍ രാജ്യസഭയിലെ കാര്‍ഷിക ബില്‍ വോട്ടെടുപ്പിനിടെയുണ്ടായ പ്രതിഷേധവും പ്രതിപക്ഷ എംപിമ്മാരെ പുറത്താക്കിയതും രാഷ്ട്രീയമായി ഉയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. സമ്മേളനം അവസാനിച്ചാലും കര്‍ഷക വിഷയം രാജ്യത്ത് സജീവ ചര്‍ച്ചയാകും.