India National

പാക്ക് സൈനിക യൂണിഫോമിട്ടിട്ടും പേടിച്ച്‌ വിറച്ച്‌ തീവ്രവാദികള്‍, ഇനിയും ആക്രമണം

ബാലകോട്ട് മോഡല്‍ ഇന്ത്യന്‍ പ്രത്യാക്രമണം ഭയന്ന് തീവ്രവാദികളെ പട്ടാള യൂണിഫോം അണിയിച്ച്‌ പാക് സൈന്യം. അതിര്‍ത്തിയില്‍ പാക്ക് വെടിവെപ്പുകാരണം അടുത്തിടെ രണ്ട് ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം. ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ കണ്ണുവെട്ടിക്കാന്‍ തീവ്രവാദികള്‍ പാക് സൈനിക യൂണിഫോം ധരിക്കണമെന്ന കര്‍ക്കശ നിര്‍ദ്ദേശമാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐ നല്‍കിയിരിക്കുന്നത്.

പാക് അധീനകാശ്മീരിലെ നകായലില്‍ നടന്ന രഹസ്യയോഗത്തില്‍ പാക് സേനയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഐ.എസ്.ഐയിലെ രണ്ട് ഉദ്യോഗസ്ഥരും ലഷ്‌കര്‍ ഇ ത്വെയ്ബ, ജെയ്ഷെ മുഹമ്മദ് പ്രതിനിധികളും പങ്കെടുത്തതായാണ് ഇന്ത്യന്‍ സുരക്ഷാ സേനക്കു ലഭിച്ച വിവരം. ജമ്മു കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം സജീവമാക്കാന്‍ തീവ്രവാദ സംഘടനകള്‍ക്ക് ഐ.എസ്.ഐ കൂടുതല്‍ സാമ്ബത്തിക സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ പ്രത്യാക്രമണം തടയാനുള്ള മുന്‍കരുതല്‍ നടപടിയായി പാക് അധീനകാശ്മീരിലെ തീവ്രവാദ ക്യാമ്ബുകള്‍ പാക് സൈനിക ക്യാമ്ബുകള്‍ക്കുള്ളിലേക്കു മാറ്റിയിട്ടുണ്ട്. അതിര്‍ത്തി മേഖലയില്‍ നകായല്‍, കോട്ലി മേഖലകളിലായി ലഷ്കര്‍ ഇ ത്വെയ്ബ, ജെയ്ഷ് എ മുഹമ്മദ് എന്നിവരുടെ നാലു ക്യാമ്ബുകളാണ് സജീവമായിട്ടുള്ളത്. ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ നിരീക്ഷണവലയത്തിലാണിവിടം.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 44 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിനു തിരിച്ചടിയായാണ് ഇന്ത്യന്‍ വ്യോമ സേന ബാലകോട്ടില്‍ പാക് അധീന കാശ്മീരിലെ ജയ്ഷെ മുഹമ്മദ് തീവ്രവാദ പരിശീലന കേന്ദ്രം ബോംബിട്ടു തകര്‍ത്തത്. മുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്ത് വന്ന വിവരം.

എന്നാല്‍ ഈ വാദം തള്ളിയ പാക്കിസ്ഥാന്‍ പൈന്‍മരങ്ങള്‍ മാത്രമാണ് നശിച്ചതെന്നു വ്യക്തമാക്കിയിരുന്നു. പാക് വാദം തള്ളി വ്യോമാക്രമണത്തിന്റെ വീഡിയോ ഇന്ത്യന്‍ സേന പുറത്തുവിടുകയും ഓപ്പറേഷന് മുമ്ബ് ബാലകോട്ടിലുണ്ടായിരുന്ന 300 മൊബൈല്‍ ഫോണുകള്‍ നിശബ്ദമായത് തുറന്നുകാട്ടുകയും ചെയ്തിരുന്നു.

വിദേശമാധ്യമങ്ങളെ ഇന്ത്യന്‍ അക്രമണം നടത്തിയ പ്രദേശത്തെത്തിക്കുമെന്ന് പാക്കിസ്ഥാന്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. ഇതില്‍ നിന്ന് തന്നെ പാക് കള്ള കളി ലോകത്തിന് വ്യക്തമായിരുന്നു.

ഇതിനിടെ വീണ്ടും പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ വ്യാപകമായ വെടിവെപ്പാണ് തുടര്‍ന്നിരുന്നത്.

അടുത്തയിടെ രണ്ട് ഇന്ത്യന്‍ ജവാന്‍മാര്‍ കൂടി കൊല്ലപ്പെട്ടതോടെ ഇന്ത്യന്‍ സേന ശക്തമായ തിരിച്ചടിയാണ് ഇപ്പോള്‍ നല്‍കി വരുന്നത്. പ്രത്യാക്രമണത്തിന് ഇന്ത്യന്‍ സേന വീണ്ടും തയ്യാറാകുമെന്ന ഭീതിയിലാണ് ഇപ്പോള്‍ പാക്ക് സൈന്യം.അതുകൊണ്ട് തന്നെയാണ് തീവ്രവാദികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ പട്ടാള യൂണിഫോം തന്നെ നല്‍കുന്നത്.