ദല്‍ഹിയിലെ അതിരൂക്ഷമായ വായുമലിനീകരണത്തിന് കാരണം പാകിസ്ഥാനും ചൈനയുമാണെന്ന് ബി.ജെ.പി നേതാവ് വിനീത് അഗര്‍വാള്‍ ശര്‍ദ. ഇരുരാജ്യങ്ങളും ഇന്ത്യയിലേക്ക് വിഷവാതകം തുറന്നുവിട്ടതാകാം ഇപ്പോഴത്തെ വായു മലിനീകരണത്തിന് കാരണമെന്നും വിനീത് അഗര്‍വാള്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അധികാരത്തില്‍ എത്തിയതിന് ശേഷം പാകിസ്ഥാന് അസ്വസ്ഥരാണ്. ഇന്ത്യയെ പരാജയപ്പെടുത്താനുള്ള എല്ലാ തന്ത്രങ്ങളും പാകിസ്ഥാന് ആവിഷ്ക്കരിക്കുകയായിരുന്നു. എന്നാല്‍ ഒരു യുദ്ധത്തില്‍ പോലും ഇന്ത്യയെ കീഴ്പ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചില്ല. പാകിസ്ഥാന് വിഷവാതകം തുറന്നുവിട്ടോ എന്ന കാര്യം ഗൗരവകരമായി തന്നെ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഹരിയാനയിലെയും പഞ്ചാബിലെയും വൈക്കോല്‍ കൂനകള്‍ക്ക് തീയിട്ടത് കാരണമാണ് രാജ്യതലസ്ഥാനത്ത് വന്‍തോതില്‍ വായുമലിനീകരണത്തിന് ഇടയാക്കിയതെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തെയും ബി.ജെ.പി നേതാവ് വിമര്‍ശിച്ചു. ഫാക്ടറികളില്‍ നിന്നുള്ള പുകപടലങ്ങളും വൈക്കോല്‍ കൂനകള്‍ കത്തിനശിച്ചതുമാണ് ഇപ്പോഴത്തെ അതിരൂക്ഷ വായുമലിനീകരണത്തിന് കാരണമെന്ന് അരവിന്ദ് കെജ്രിവാള് അഭിപ്രായപ്പെട്ടിരുന്നു. ഫാക്ടറികളും കര്‍ഷകരും രാജ്യത്തിന്റെ നട്ടെല്ലാണെന്നും അവരെ ഇതിന് കുറ്റപ്പെടുത്തരുതെന്നും ബി.ജെ.പി നേതാവ് കെജ്രിവാളിന് മറുപടിയായി പറഞ്ഞു.