ന്യൂഡല്‍ഹി: പാക് ഭീകരര്‍ ഉത്തര്‍പ്രദേശിലേക്ക് പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അയോധ്യ കേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അയോധ്യ ലക്ഷ്യമാക്കിയാണ് ഭീകരര്‍ പ്രവേശിച്ചതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഏഴ് പാക് ഭീകരര്‍ നേപ്പാള്‍ വഴി ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായി സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
ഏഴ് ഭീകരരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലായാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ക്രമസമാധാനം തകര്‍ക്കാന്‍ നീക്കം ഉണ്ടാവുകയാണെങ്കില്‍ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കുമെന്ന് യുപി പൊലീസ് മേധാവി ഒ.പി സിങ് വ്യക്തമാക്കിയിരുന്നു.