പുൽവാമ ഭീകരാക്രമണത്തിന് 11 ദിവസങ്ങൾക്ക് ശേഷം അതിർത്തി കടന്ന് ഇന്ത്യ തിരിച്ചടി നൽകിയപ്പോൾ, ഇരു രാജ്യങ്ങളിൽ നിന്നുമായി വിവിധങ്ങളായ പ്രതികരണങ്ങളാണ് ഉയർന്നിരിക്കുന്നത്. വ്യോമസേനയുടെ മിന്നലാക്രമണത്തെ പ്രശംസിച്ച് കൊണ്ട് ഇന്ത്യയിലെ രാഷ്ട്രിയ-സാമുഹ്യ രംഗത്തെ പ്രമുഖർ രംഗത്ത് വന്നപ്പോൾ, ഫ്രാൻസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ, ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണയുമായി എത്തി.
എന്നാൽ പാകിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യൻ സേന ആക്രമണം നടത്തിയത് വലിയ നടുക്കമാണ് പാകിസ്ഥാൻ വൃത്തങ്ങളിൽ ഉണ്ടാക്കിയിട്ടുള്ളത്. അതിർത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഒരു കൂട്ടർ വാദിച്ചു.
പാകിസ്ഥാനിൽ 30-40 കിലോമീറ്റർ ഉള്ളിൽ കയറി ഇന്ത്യ ആക്രമണം നടത്തുമ്പോൾ പാക് സെെന്യം ഉറങ്ങുകയായിരുന്നോ എന്നും പാക് സോഷ്യൽ മീഡിയകൾ ചോദിക്കുന്നു. സ്വന്തം രാജ്യാർതിർത്തി പോലും സംരക്ഷിക്കാൻ കഴിയാത്ത സേനയാണോ പാകിസ്ഥാന്റേതെന്ന് രാജ്യത്ത് നിന്നും വിമർശനമുയരുന്നുണ്ട്.
24 മണിക്കൂറും സജീവമെന്ന് പറയപ്പെടുന്ന പാക് വ്യോമസേന, ഇന്ത്യ രാജ്യത്തിന്റെ അതിർത്തി കടക്കുമ്പോൾ എവിടെ പോയെന്നാണ് ഒരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. പാകിസ്ഥാനേക്കാൾ നാലിരട്ടി വലിപ്പമുള്ള ഒരു രാജ്യം യുദ്ധ ഭീഷണി മുഴക്കുമ്പോൾ, ഇവിടുത്തെ സെെന്യം പാകിസ്ഥാൻ പ്രീമിയർ ലീഗ് കണ്ട് ആസ്വദിച്ചിരിക്കുകയാണെന്നും ട്വിറ്ററിൽ വിമർശനമുന്നയിച്ചു.