India National

ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ പി.ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹരജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇക്കാര്യത്തില്‍ സി.ബി.ഐ ഇന്ന് കോടതിയില്‍ നിലപാടറിയിക്കും. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ഇടക്കാല ജാമ്യാപേക്ഷ സംബന്ധിച്ച ഹരജി ഡല്‍ഹി റോസ് അവന്യുവിലെ സി.ബി.ഐ വിചാരണക്കോടതിയും ഇന്ന് പരിഗണിക്കും.

ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ പി. ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹരജി കഴിഞ്ഞ ദിവസം സുപ്രിം കോടതി പരിഗണിച്ചെങ്കിലും സി.ബി.ഐ നിലപാട് അറിയിക്കാത്തതിനാല്‍ ഹരജി ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന് സി.ബി.ഐ കോടതിയില്‍ നിലപാടറിയിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കെ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചിദംബരത്തിന്റെ ഹരജി നല്‍കിയത്. ഇടക്കാല ഉത്തരവൊന്നും ഇല്ലാത്തതിനാല്‍ കസ്റ്റഡി നിലനില്‍ക്കുമെന്നാണ് സി.ബി.ഐ വാദം. ഇക്കാര്യത്തില്‍ കോടതി ഇന്ന് വിധി പറയും. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ചിദംബരം വിചാരണക്കോടതിയില്‍ നല്‍കിയ ഇടക്കാല ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും. ഇന്നലെ പരിഗണിക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചെങ്കിലും കോടതി ഉത്തരവിലെ അവ്യക്തത കാരണം ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. ഉച്ചക്ക് മൂന്നരക്കാണ് വിചാരണക്കോടതി കേസ് പരിഗണിക്കുക.