ഏറെ നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് പി.ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. യു.പി.എ സര്‍ക്കാറില്‍ ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്സ് മീഡിയ കമ്പനിക്ക് വിദേശ ഫണ്ട് ലഭിക്കാന്‍ അനധികൃതമായി ഇടപെട്ടുവെന്നതാണ് ചിദംബരത്തിനെതിരായ കേസ്.
സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജിയുടേയും ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടേയും ഉടമസ്ഥതയിലുള്ള ഐ.എന്‍.എക്സ് മീഡിയക്ക് 305 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ചട്ടം മറികടന്ന് അനുമതി നല്‍കിയെന്ന പരാതിയിലാണ് കേസെടുത്തത് . 5 കോടി വിദേശം നിക്ഷേപം സ്വീകരിക്കാനാണ് എഫ്.ഐ.പി.ബി അനുമതി നല്‍കുക. ധനമന്ത്രിയായിരുന്ന ചിദംബരം ഈ ചട്ടം മറികടന്ന് വഴിവിട്ട് സഹായം ചെയ്തെന്നാണ് പരാതി.
2017 മെയ് 15 ന് പരാതിയില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇടപാടില്‍ ഇന്ദ്രാണിയും പീറ്ററും ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പ്രതിയാണ്. 2018ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കലിലും ചിദംബരത്തെ പ്രതിയാക്കി കേസെടുത്തു.
സി.ബി.ഐയുടെ അഴിമതിക്കേസിലും എന്‍ഫോഴ്സ്മെന്റിന്റെ കള്ളപ്പണം വെളുപ്പിക്കലിലും മുന്‍കൂര്‍ ജാമ്യം തേടി ചിദംബരം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി രണ്ട് കേസിലും പിന്നീട് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സംരക്ഷണം കോടതി അനുവദിച്ചു . പിന്നീട് രണ്ട് കേസിലെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി ഈ മാസം 20ന് ഹരജി തള്ളി.തുടര്‍ന്ന് ഇന്നലെ പി ചിദംബരത്തെ സി.ബി.ഐ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തു.