India

ജയ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ച സംഭവം; ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ സമയം നല്‍കി

ജയ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി സര്‍ക്കാരിനും കേന്ദ്രത്തിനും ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണമോ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാനോ ആവശ്യപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്.

കഴിഞ്ഞ ഏപ്രിലിലാണ് ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കൊവിഡ് രോഗികള്‍ മരിച്ചത്. അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സ് മുഖേന മരിച്ച ഒന്‍പത് പേരുടെ ബന്ധുക്കളാണ് സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് രേഖ പള്ളിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ ഡിസംബര്‍ 9ന് വീണ്ടും വാദം കേള്‍ക്കും. ഇതിന് മുന്നോടിയായാണ് കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കോടതി വീണ്ടും സമയം നീട്ടിനല്‍കിയത്.

അപകടം നടന്ന ജയ്പൂര്‍ ആശുപത്രിയിലെ ഏപ്രില്‍ 23,24 ദിവസങ്ങളിലെ സിസിടിവി ഫൂട്ടേജ് അടക്കമുള്ള തെളിവുകള്‍ പരിശോധിക്കണമെന്നും മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതിനിടയിലാണ് കൊവിഡ് രോഗികള്‍ക്കുള്ള ഓക്‌സിജന്‍ ക്ഷാമം തീവ്രമായത്.ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരുന്നു. പല വിദേശരാജ്യങ്ങളും ഈ ഘട്ടത്തില്‍ ഇന്ത്യക്ക് സഹായവും നല്‍കിയിരുന്നു. അതേസമയം ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെട്ടത് കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയാണെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.