India National

ഭിക്ഷക്കാരിയുടെ താമസസ്ഥലത്ത് നിന്ന് കണ്ടെടുത്തത് 2,50,000 രൂപ

ഭിക്ഷക്കാരിയുടെ താമസസ്ഥലത്ത് നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെടുത്തത് 2,50,000 രൂപ. ജമ്മു കശ്മീരിലെ നൗഷേരയിലാണ് സംഭവം. ഭിക്ഷക്കാരിയെ അഭയകേന്ദ്രത്തിലാക്കിയ ശേഷം അവരുടെ താമസസ്ഥലം പരിശോധിക്കാനെത്തിയപ്പോഴാണ് സന്നദ്ധപ്രവര്‍ത്തകര്‍ പണം കണ്ടെത്തിയത്. മൂന്ന് പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിച്ചുവെച്ച നിലയിലാണ് നോട്ടുകളും കറന്‍സികളും കണ്ടെത്തിയത്. വിവരം അറിഞ്ഞയുടന്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സുഖ്‌ദേവ് സിങ് ശ്യാമളിന്റെ നിര്‍ദേശപ്രകാരം പൊലീസ് സ്ഥലത്തെത്തി. ഏറെ സമയമെടുത്താണ് നാണയങ്ങള്‍ അടങ്ങിയ വലിയ തുക സന്നദ്ധപ്രവര്‍ത്തകര്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. പണം ഷെല്‍ട്ടര്‍ ഹോമിലെത്തി സ്ത്രീക്ക് കൈമാറുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. പണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി കൈമാറിയ സന്നദ്ധപ്രവര്‍ത്തകരുടെ സത്യസന്ധതയെ അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ 30 വര്‍ഷത്തോളമായി പ്രദേശത്തെ ബസ് സ്റ്റോപ്പില്‍ ഭിക്ഷയാചിക്കുന്ന സ്ത്രീയാണ് ഇവരെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവരുടെ പേരോ മറ്റു വിവരങ്ങളോ അറിയില്ല. പ്രായമാവുമ്പോള്‍ തന്റെ ചിലവിന് വേണ്ടിയാണ് ഇവര്‍ പണം സൂക്ഷിച്ചുവെച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.