ആന്ധ്ര പ്രദേശിലെ എലുരുവില്‍ ദുരൂഹ രോഗം ബാധിച്ചവരുടെ എണ്ണം 450 കഴിഞ്ഞു. ശനിയാഴ്ച രാത്രി മുതലാണ് അബോധാവസ്ഥയില്‍ ആളുകളെ ആശുപത്രിയിലെത്തിക്കാന്‍ തുടങ്ങിയത്. ഒരാള്‍ മരിക്കുകയും ചെയ്തു.
ഇത്രയധികം ആളുകള്‍ കൂട്ടത്തോടെ രോഗബാധിതരാവാന്‍ കാരണം തേടിയുള്ള അന്വേഷണം തുടരുകയാണ്. കീടനാശിനികളിലെ രാസവസ്തുവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് ഇപ്പോഴത്തെ നിഗമനം. വിവിധ ശാസ്ത്ര സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പല തലത്തിലുള്ള പരിശോധന നടത്തുന്നുണ്ട്.
കൃഷിക്കും കൊതുക് നശീകരണത്തിനും ഉപയോഗിക്കുന്ന ഓര്‍ഗാനോ ക്ലോറിന്‍ കീടനാശിനികളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ലാബില്‍ നിന്നുള്ള പരിശോധനാഫലം ലഭിച്ച ശേഷമേ രോഗ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവൂ.
ജലത്തിലെ മാലിന്യമാണ് രോഗകാരണം എന്നാണ് ആദ്യ ഘട്ടത്തില്‍ സംശയിച്ചിരുന്നത്. എന്നാല്‍ അതല്ല കാരണം എന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഛര്‍ദി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളോടെ അബോധാവസ്ഥയിലായ നിലയിലാണ് മിക്കവരെയും ആശുപത്രികളില്‍ എത്തിച്ചത്. രോഗികളുടെ രക്തപരിശോധനയും സിടി സ്കാനും നടത്തി. ഇ കോളി പരിശോധനയും പാലിന്റെയും സാമ്പിള്‍ പരിശോധനയും നടത്തി. പിന്നാലെയാണ് കീടനാശിനിയാവാം കാരണം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന പുരോഗമിക്കുന്നത്.
കേന്ദ്രം മൂന്നംഗ വിദഗ്ധ സംഘത്തെ ആന്ധ്രയിലേക്ക് അയച്ചിട്ടുണ്ട്. എയിംസിലെ എമര്‍ജന്‍സി മെഡിസിന് അസോസിയേറ്റ് പ്രൊഫസര്‍ ജംഷദ് നയ്യാര്‍, പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡോ. അവിനാഷ്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിലെ ഡോ സങ്കേത് കുല്‍കര്‍ണി എന്നിവരെയാണ് ആന്ധ്രയിലേക്ക് അയച്ചത്. ഐസിഎംആറിലെ ഒരു സംഘവും എത്തിയേക്കും.
ആന്ധ്ര മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി ആശുപത്രിയിലെത്തി എല്ലാ ചികിത്സാ സഹായവും ഉറപ്പ് നല്കി. 263 പേരെ ഇതിനകം ചികിത്സ നല്കി വീടുകളിലേക്ക് അയച്ചു. 171 പേര് ആശുപത്രിയിലുണ്ട്. 17 പേരെ വിദഗ്ധ ചികിത്സക്കായി വിജയവാഡയിലെ ആശുപത്രിയിലേക്ക് അയച്ചു.