India National

ബെംഗളൂരു നഗരത്തില്‍ 3,300ഓളം കോവിഡ് രോഗികളെ കാണ്മാനില്ല; കണ്ടെത്താനാകാതെ പൊലീസ്

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബെംഗളൂരുവിലെ കൊവിഡ് കേസുകളുടെ എന്നതിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്

ബെംഗളൂരു നഗരത്തിൽ കൊവിഡ് സ്ഥിരീകരിച്ച 3338 പേരെ ഐസൊലേറ്റ് ചെയ്യാനായി ശ്രമിച്ച പൊലീസിന് അവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ടുകള്‍. ബൃഹത് ബെംഗളൂരു മഹാനഗർ പാലികെ കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദിനെ ഉദ്ധരിച്ച് സ്ക്രോളാണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് ടെസ്റ്റ് സാമ്പിൾ കളക്ഷൻ സമയത്ത് ഈ വ്യക്തികൾ നൽകിയ മേൽവിലാസം വ്യാജമായിരുന്നു. ഇത് നഗരത്തിലെ ആകെ കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണത്തിന്റെ ഏഴു ശതമാനത്തോളം വരും.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബെംഗളൂരുവിലെ കൊവിഡ് കേസുകളുടെ എന്നതിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ടുമാത്രം നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 11,000 പുതിയ കൊവിഡ് കേസുകളാണ്. കർണാടക സംസ്ഥാനത്തെ ആകെ കേസുകളുടെ പകുതിയും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ബെംഗളൂരു നഗരത്തിൽ നിന്നാണ്.

ഈ സാഹചര്യത്തില്‍ രോഗികളിൽ നിന്ന് മേ‍ല്‍വിലാസം ചോദിച്ച് എഴുതിയെടുക്കുന്ന പതിവ് അവസാനിപ്പിച്ച് ഗവണ്മെന്റ് നൽകുന്ന അഡ്രസ്സ് പ്രൂഫുകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് എഴുതിയെടുക്കാനുള്ള നിർദേശം ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് നല്‍കിയിട്ടുണ്ട്. അവർ നൽകുന്ന മൊബൈൽ ഫോൺ നമ്പറുകൾ, തൽക്ഷണം തന്നെ വിളിച്ച് ഫോൺ കയ്യിൽ ഉണ്ടെന്ന് ഉറപ്പിക്കാനും നിർദേശമുണ്ട്. ശനിയാഴ്ച മാത്രം കർണാടകയില്‍ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5000 -ൽ പരം കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 30 പേരും ബെംഗളൂരു നഗരവാസികളാണ്.