Europe India Pravasi Switzerland

പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധവും,ഓ സി ഐ കാർഡ് റദ്ദു ചെയ്യാനുള്ള വ്യവസ്ഥകൾ പുനപരിശോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് . …

സൂറിച് : മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച്‌ രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ള പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ആര്‍എസ്‌എസ്‌ പദ്ധതിയുടെ ഭാഗം കൂടിയാണ് . അതുകൊണ്ടു തന്നെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കാനും ഭേദഗതി നിയമത്തെ എതിര്‍ത്ത്‌ തോല്‍പിക്കാനും ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന്‌ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് കേരളാ ചാപ്റ്റർ എല്ലാ പ്രവാസി ഭാരതീയരോടും അഭ്യര്‍ഥിച്ചു.

പൗരത്വ ഭേദഗതി നിയമം യാഥാർഥ്യമായിരിക്കെ അതിനെതിരെ ശക്തമായ നിസ്സഹരണം രാജ്യവ്യാപകമായി ആരംഭിക്കുന്നതിനും പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാനത്ത് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു പ്രമേയം പാസാക്കുവാനും സംസ്ഥാന സർക്കാർ തയ്യാറാകേണ്ടതാണ് . ദേശീയ പൗരത്വ രജിസ്റ്റർ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് കേരളാ ഗവർമെന്റ് പ്രഖ്യാപിച്ചതിനെ അനുമോദിക്കുകകയും അതുപോലെ കാലഘട്ടത്തിന്റെ ആവശ്യകതയിൽ ഈ ബില്ലിനെതിരെ ഭരണപക്ഷവും ,പ്രതിപക്ഷവും ഒരുമിച്ചു സമരമുഖത്തേക്കിറങ്ങുന്നത് ആശാവഹവുമാണ് .

പൗരത്വ ഭേദഗതി ബില്ലിൽ പ്രവാസികളുടെ ഒസിഐ കാർഡ് (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്) റദ്ദു ചെയ്യാനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിരിക്കുന്നത് ആശങ്കക്കു കാരണമാണ് . റജിസ്ട്രേഷൻ റദ്ദാക്കുന്നതിനു മുൻപ് ഒസിഐ കാർഡ് ഉടമസ്ഥരുടെ വാദം കേൾക്കണമെന്നു വ്യവസ്ഥയുണ്ടെങ്കിലും വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് ഇതിനുള്ള സാഹചര്യം എത്രമാത്രം എന്നത് ചിന്തിക്കാവുന്നതേയുള്ളു.
രാജ്യത്തെ പ്രതിപക്ഷകക്ഷികൾ ഒന്നടങ്കം മുറവിളികൂട്ടി എതിർത്ത നിയമം വിദേശത്തു സ്ഥിര താമസമാക്കിയ ലക്ഷക്കണക്കിനു പ്രവാസികൾക്കും പരോക്ഷമായ ഭീഷണി ഉയർത്തുന്നു എന്നതാണ് ഈ വ്യവസ്ഥയുടെ രത്നച്ചുരുക്കം.

നവമാധ്യമങ്ങൾ വഴിയുള്ള സന്ദേശങ്ങളും കമന്റുകളും പോലും ദേശവിരുദ്ധമെന്നും രാജ്യദ്രോഹപരമെന്നും വ്യാഖ്യാനിച്ചു വേണമെങ്കിൽ പൊലീസിന് കേസെടുക്കാം. ഇത്തരമൊരു കേസുപോലും ഒരു പ്രവാസിയുടെ ഒസിഐ. കാർഡ് റദ്ദുചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തിക്കാം എന്നതിലാണ് നിയമത്തിലെ ഈ വ്യവസ്ഥയുടെ ഭീഷണി. വിദേശത്തിരുന്നു സർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിക്കുകയും സർക്കാർ നയങ്ങള്‍ക്കെതിരെ സംസാരിക്കുകയും ചെയ്യുന്നവർക്കെല്ലാം വേണ്ടിവന്നാൽ കൂച്ചുവിലങ്ങിടാൻ ഇതിലൂടെ സാധിക്കും.

മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ ജനിച്ച സ്ഥലത്തിന്റെയോ വ്യത്യാസങ്ങളില്ലാതെ എല്ലാ വ്യക്തികള്‍ക്കും നിയമത്തിന്‌ മുമ്പില്‍ സമത്വവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന ഭരണഘടയിലെ 14-ാം വകുപ്പിന്റെ നഗ്നമായ ലംഘനം കൂടിയാണ്‌ മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുമെന്ന പ്രഖ്യാപനം.

ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന മൂസ്ലീങ്ങള്‍ ഒഴിച്ചുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ബൗദ്ധര്‍, പാഴ്‌സികള്‍, ജൈനര്‍, ക്രിസ്‌ത്യാനികള്‍ എന്നിവര്‍ക്ക്‌ പൗരത്വം നല്‍കുന്നതാണ്‌ ഭേദഗതി. നിലവില്‍ 11 വര്‍ഷം തുര്‍ടര്‍ച്ചയായി താമസിക്കുന്നവര്‍ക്കാണ്‌ പൗരത്വമെങ്കില്‍ ഭേദഗതി നിയമത്തില്‍ അത്‌ അഞ്ച്‌ വര്‍ഷമായി ചുരിക്കിയിരിക്കുകയാണ്‌. എന്താണ്‌ ഇതിന്റെ അടിസ്ഥാനം എന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല.

അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷത്തോടുള്ള സ്‌നേഹത്തിന്റെ പേരിലാണ്‌ ഭേദഗതിയെങ്കില്‍ എന്തുകൊണ്ട്‌്‌ മ്യാന്‍മറിെല റോഹിംഗ്യകള്‍ക്കും, പാകിസ്‌താനിലെ ഷിയ, അഹമ്മദീയ വിഭാഗങ്ങള്‍ക്കും, ശ്രീലങ്കയിലെ തമിഴര്‍ക്കും, നേപ്പാളില്‍ നിന്നുള്ള ഗൂര്‍ഖകള്‍ക്കും മാധേശികള്‍ക്കും ഇത്‌ ബാധകമാക്കുന്നില്ല എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കേണ്ടതുണ്ട്‌. മുസ്ലീങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്‌ ഈ ഭേദഗതിയെന്ന്‌ സാരം. മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച്‌ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന സവര്‍ക്കറുടെ പദ്ധതിയാണ്‌ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത.്‌ ബഹുസ്വരമായ ഇന്ത്യ എന്ന ആശയത്തെ തന്നെയാണ്‌ തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരും ഈ കുത്സിത നീക്കത്തിനെതിെര രംഗത്ത്‌ വരണം.

അസാധാരണ വേഗതയിലും തിടുക്കത്തിലും ഈ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതിനു പിന്നിലുള്ള രാഷ്ട്രീയവും കാണതെ പോകരുത്‌. മോദി ഭരണത്തില്‍ രാജ്യം സാമ്പത്തികമായി തകര്‍ന്നടിയുകയാണ്‌. തൊഴില്ലായ്‌മയും ദാരിദ്ര്യവും പെരുകുകയാണ്‌. ഇതിനെതിരെ ഉയരുന്ന ജനരോഷത്തെ വര്‍ഗീയത ഉയര്‍ത്തി നേരിടുകയാണ്‌ മോദി സര്‍ക്കാരിന്റെ ലക്ഷ്യം.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉയരുന്ന സമരമുഖത്തണിചേരുവാനും ,പ്രക്ഷോഭം നടത്തുന്ന വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനും പ്രവാസ ലോകത്തെ എല്ലാ സംഘടനകളോടും ,രാഷ്ട്രീയ അനുഭാവ കൂട്ടായ്‌മകളോടും ഒരുമിച്ചണിചേരുവാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് കേരളാ ചാപ്റ്റർ ചെയർമാൻ ശ്രീ ടോമി തൊണ്ടാംകുഴിയും ,പ്രസിഡന്റ് ശ്രീ ജോയ് കൊച്ചാട്ടും സംയുക്ത പ്രസ്‌താവനയിൽ അഭ്യർത്ഥിച്ചു . .