India National

പുല്‍വാമ മോഡല്‍ ആക്രമണം ഉണ്ടായാല്‍ മാത്രമേ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കൂ: ശരദ് പവാര്‍

ബി.ജെ.പി ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയിക്കണമെങ്കില്‍ പുല്‍വാമ മോഡല്‍ ആക്രമണം കൊണ്ട് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മോദി സര്‍ക്കാരിനെതിരെ ജനരോഷം ഉണ്ടായിരുന്നു. പക്ഷേ പുല്‍വാമ ഭീകരാക്രമണം സാഹചര്യമാകെ മാറ്റി. 40 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടി സര്‍ക്കാരിന്‍റെ ജനപ്രീതി വര്‍ധിപ്പിച്ചെന്നും ശരദ് പവാര്‍ പറഞ്ഞു.

ബി.ജെ.പി ഭരണത്തില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ സുരക്ഷിതരല്ല. സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. നിരവധി പ്രധാനമന്ത്രിമാരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുപോലെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന പ്രധാനമന്ത്രിയെ ആദ്യമായി കാണുകയാണെന്നും ശരദ് പവാര്‍ പ്രതികരിച്ചു.

മഹാരാഷ്ട്രയില്‍ മതേതര പാര്‍ട്ടികളെ ഒരുമിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് തങ്ങളുടെ ശ്രമം. കോണ്‍ഗ്രസും എന്‍.സി.പിയും കൈകോര്‍ക്കും. സമാജ്‍വാദി പോലുള്ള മറ്റ് പാര്‍ട്ടികളെയും ഒപ്പം നിര്‍ത്താനാണ് നീക്കമെന്നും ശരദ് പവാര്‍ വിശദീകരിച്ചു.