India National

കർഷക പ്രക്ഷോഭത്തിന് ഒരു മാസം; നിയമങ്ങൾ പിൻവലിക്കാതെ പുതിയ നീക്കവുമായി കേന്ദ്രം

കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തി കർഷകർ ഡൽഹി അതിർത്തികളിലെത്തിയിട്ട് ഒരു മാസം പിന്നിടുമ്പോൾ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. അടുത്ത ഒന്നോ രണ്ടോ വർഷം നിയമം പരീക്ഷിക്കാമെന്നും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ പിൻവലിക്കാമെന്നുമാണ് സർക്കാർ കർഷക സംഘടനകളെ അറിയിച്ചത്. എന്നാൽ നിയമം പിൻവലിക്കാതെ ഗ്രാമങ്ങളിലേക്ക് മടങ്ങില്ലെന്ന നിലപാടിലാണ് അതി ശൈത്യത്തിനിടയിലും കർഷകർ.

പുതിയ മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷകർ വ്യക്തമാക്കിയതോടെയാണ് കേന്ദ്ര സർക്കാർ പുതിയ സമവായ ഫോർമുല മുന്നോട്ട് വെച്ചത്. എന്നാൽ അത്‌ അംഗീകരിക്കാൻ കഴിയില്ലെന്ന് കർഷകർ വ്യക്തമാക്കി. കർഷക സമരം ഒരു മാസം പിന്നിടുമ്പോൾ കോർപറേറ്റ് വിരുദ്ധ പ്രക്ഷോഭമായി മാറ്റുകയാണ് കർഷക സംഘടനകൾ.

സെപ്തംബർ 27ന് നിലവിൽ വന്ന കാർഷിക നിയമങ്ങളിലെ ആശങ്ക പലതവണ സർക്കാരിനെ അറിയിച്ചിട്ടും പ്രതിഷേധിച്ചിട്ടും കണ്ടില്ലെന്ന് നടിച്ചതോടെയാണ് കർഷകർ ഡൽഹി അതിർത്തിയിലേക്ക് നീങ്ങിയത്. നവംബർ 25ന് പലയിടങ്ങളിൽ നിന്നായി പാർലമെന്റ് ലക്ഷ്യമാക്കി കർഷകർ ഡൽഹി ചലോ മാർച്ച് ആരംഭിച്ചു. 26ന് പഞ്ചാബ്, ഹരിയാന, യു.പി സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹി അതിർത്തിയിൽ എത്തിയതോടെ കോവിഡ് ചൂണ്ടികാട്ടി പോലീസ് തടഞ്ഞു. ഇതോടെ കർഷകരുടെ പോരാട്ടം സിംഗു, ശംഭു, തിക്രി, ഗാസിപൂർ അതിർത്തികളിൽ സമരം ശക്തമാക്കി. സമരം കോർപ്പറേറ്റ് വിരുദ്ധ നീക്കമായി മാറ്റുന്നതിനുള്ള പ്രചാരണം ആരംഭിച്ചു.

കാർഷിക നിയമം പിൻവലിക്കില്ല എന്നും സമരക്കാർ രാഷ്ട്രീയം കളിക്കുന്നു എന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്രവുമായി നടത്താനിരിക്കുന്ന ചർച്ചയിൽ പങ്കെടുക്കണമോ എന്ന കാര്യം ഒരിക്കൽ കൂടി ചർച്ച ചെയ്യാൻ കർഷക സംഘടനകൾ തീരുമാനിച്ചു.