India National

മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇന്ന് സഭയിലെത്തുന്നത് തലവനില്ലാതെ

തലവനില്ലാതെയാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇന്ന് സഭയിലെത്തുന്നത്. സഭാ സമ്മേളനത്തിന് തുടക്കമായിട്ടും ലോക്സഭ കക്ഷി നേതാവിനെ കണ്ടെത്തിയിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ നിസംഗത പാര്‍ട്ടിയിലുണ്ടാക്കിയിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്.

ശക്തമായ ജനാധിപത്യത്തിന് ശക്തമായ പ്രതിപക്ഷം വേണമെന്നിരിക്കെ തലവനില്ലാതെയാണ് പാര്‍ലമെന്റ് സമ്മേളനാരംഭത്തില്‍ കോണ്‍ഗ്രസ് സഭയിലെത്തുന്നത്. 52 സീറ്റുള്ള കോണ്‍ഗ്രസാണ് പ്രതിപക്ഷത്തെ നയിക്കേണ്ടത് എന്നിരിക്കെയാണ് ഈ അവസ്ഥ. വോട്ട് ഓണ്‍ അക്കൌണ്ട് പാസാക്കാനുള്ള ബജറ്റ് സമ്മേളനം എന്നതിലപ്പുറം ഈ സമ്മേനത്തില്‍ സര്‍ക്കാര്‍ നയം പ്രഖ്യാപിക്കും. രാജ്യത്തെ ജനങ്ങള്‍ക്കായി നിലകൊള്ളേണ്ട നിര്‍ണായക സാഹചര്യം കൂടിയാണിത്. ഈ സമയത്തും കോണ്‍ഗ്രസിന് അധ്യക്ഷനേയും ലോക്സഭ കക്ഷി നേതാവിനെയും കണ്ടെത്താനായിട്ടില്ല. ആദ്യ രണ്ട് ദിനം എം.പിമാരുടെ സത്യപ്രതിജ്ഞയായതിനാല്‍ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ സമയമുണ്ടെന്നാണ് നേതാക്കളുടെ മറുപടി. പ്രതിസന്ധി തുടരുമ്പോഴും രാഹുല്‍ ഗാന്ധി നിസംഗത തുടരുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത് മുതിര്‍ന്ന നേതാക്കളാണ്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങാണ് നീതി ആയോഗ് ദിനത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. രാജീവ് ഗാന്ധിയുടെ മരണ ശേഷം പ്രതിസന്ധിയിലായ പാര്‍ട്ടിക്ക് നിര്‍ദേശം നല്‍കാന്‍ സോണിയാ ഗാന്ധി ഉണ്ടായിരുന്നു എങ്കില്‍ ഇന്ന് സോണിയാ ഗാന്ധിക്കും തീരുമാനമെടുക്കാനാകുന്നില്ല.