ഒമിക്രോൺ പശ്ചാത്തലത്തിൽ രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് കൊവിഡ് അവലോകനയോഗം ചേരും. ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ആരോഗ്യ സെക്രട്ടറിയും നീതി ആയോഗിലെ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.
ബൂസ്റ്റർ ഡോസുകളുടെ കാര്യത്തിലുള്ള ആലോചനകൾ നടക്കും. സംസ്ഥാനങ്ങളിലെ സാഹചര്യം പ്രധാനമായും വിലയിരുത്തും. അതിനിടെ മഹാരാഷ്ട്രയിൽ ഏഴു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയിട്ടുണ്ട്.
രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്ത് ആദ്യമായി കർണാടകയിലാണ് ഒമിക്രോൺ കണ്ടെത്തിയത്. ഒരു വിദേശിക്കും സ്വദേശിക്കുമായിരുന്നു രോഗബാധ കണ്ടെത്തിയത്. പിന്നീട് ഗുജറാത്തിൽ ഒരാൾക്കും അസുഖം കണ്ടെത്തി.