India

തമിഴ്‌നാട്ടിലും ഒമിക്രോണ്‍; കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചെന്ന് ആരോഗ്യമന്ത്രി

തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി എം.സുബ്രമണ്യം. നൈജീരിയയില്‍ നിന്ന് ദോഹ വഴി ചെന്നൈയിലെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ആറ് ബന്ധുക്കള്‍ക്കും കൂടെ യാത്ര ചെയ്ത വ്യക്തിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

അതിനിടെ കേരളത്തില്‍ നാല് ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യ, ഭാര്യാ മാതാവ്, കോംഗോയില്‍ നിന്നുവന്ന എറണാകുളം സ്വദേശി, യു.കെയില്‍ നിന്നുവന്ന തിരുവനന്തപുരം സ്വദേശിക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. യുകെയില്‍ നിന്നും വന്ന എറണാകുളം സ്വദേശിക്കാണ് ഒമിക്രോണ്‍ ആദ്യം സ്ഥിരീകരിച്ചത്.

ദക്ഷിണാഫ്രിക്കയിലാണ് ലോകത്ത് ആദ്യം കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, ഛണ്ഡിഗഢ്, കേരളം, ഡല്‍ഹി, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇതിനിടെ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നന്നവര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്നവരാണ് പരിശോധനയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്. ഡിസംബര്‍ 20 മുതല്‍ ഉത്തരവ് ബാധകമെന്ന് അധികൃതര്‍ വ്യക്തമാക്കി.