India

ഒമിക്രോണ്‍ പരിശോധന; ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചു

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്താന്‍ പുതിയ ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചു. ഐസിഎംആറും ടാറ്റാ മെഡിക്കല്‍ ആഡ് ഡയഗ്നോസ്റ്റിക്‌സും സംയുക്തമായാണ് പരിശോധനാ കിറ്റ് തയ്യാറാക്കിയിട്ടുള്ളത്. നാലുമണിക്കൂര്‍ കൊണ്ട് പരിശോധനാ ഫലം പുറത്തുവരും. ആരോഗ്യമന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ കിറ്റ് വികസിപ്പിച്ച കാര്യം അറിയിച്ചത്. എന്നുമുതലാണ് കിറ്റ് വിപണിയിലേക്ക് എത്തിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അതിനിടെ കരുതല്‍ ഡോസ് (ബൂസ്റ്റര്‍ ഡോസ്) വാക്‌സിന്റെ കാര്യത്തിലും ആരോഗ്യമന്ത്രാലയം പുതിയ തീരുമാനമറിയിച്ചു. കരുതല്‍ ഡോസ് ആയി രണ്ടുതവണ സ്വീകരിച്ച വാക്‌സിന്‍ ഏതാണോ അത് തന്നെ നല്‍കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 10 മുതലാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. സാര്‍സ്‌കോവ്2ന്റെ ഇതുവരെ സ്ഥിരീകരിച്ച എല്ലാ വേരിയന്റുകളുടെ പരിശോധനയും ഈ കിറ്റിലൂടെ അറിയാന്‍ സാധിക്കുമെന്ന് ടാറ്റ എംഡിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് മേധാവി രവി വസന്തപുരം പറഞ്ഞു.

രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നത് ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. 28 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. ആറ് സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,000 കടന്നുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

24 മണിക്കൂറിനിടെ 58,097 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 534 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 4.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആകെ ഒമിക്രോണ്‍ കേസുകള്‍ 2000 കടന്നു. 2135 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത് മഹാരാഷ്രയിലാണ് (653).