India

ഒമിക്രോൺ വ്യാപനം; സുപ്രിംകോടതിയിൽ നിയന്ത്രണം

ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സുപ്രിംകോടതിയിൽ നിയന്ത്രണം. സുപ്രിംകോടതി വീണ്ടും വിഡിയോ കോൺഫറസിംഗിലേക്ക് മാറുകയാണ്. നാളെ മുതൽ രണ്ടാഴ്ചത്തേക്കാണ് വാദം കേൾക്കൽ വിർച്വലാക്കുന്നത്.

അതേസമയം, രാജ്യത്ത് ഇന്നലെ 27,553 കൊവിഡ് സ്ഥിരീകരിച്ചു. 284 മരണവും റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ കേസുകളുടെ എണ്ണം 1500 കടന്നു. ഇതുവരെ സ്ഥിരീകരിച്ചത് 1525 പേർക്കാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 460 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9170 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളിൽ 51 ശതമാനത്തിന്റെ വർധന. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ, ഹരിയാന, തെലങ്കാന സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബംഗാളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. 4,512 പേർക്ക് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്.