സര്‍വകലാശാലാ കാര്യങ്ങള്‍ നിലവിലുള്ളതുപോലെ തുടരാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍ അയച്ചെന്നുപറയുന്ന കത്തിന്റെ വിവരങ്ങളെക്കുറിച്ചറിയില്ല. ഭരണ ഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന കാര്യങ്ങളെ പറ്റി താന്‍ സംസാരിക്കില്ല. സര്‍വകലാശാലാ വിഷയത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണ് ഇങ്ങനെ തുടരുന്നത് എന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സര്‍വലാശാലകളുടെ കാര്യത്തില്‍ അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ പദവിയില്‍ തുടരുന്ന കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കാമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്നും സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യേണ്ടെന്നും ജീവനക്കാര്‍ക്ക് ഗവര്‍ണര്‍ നേരത്തെ നിര്‍ദേശം നല്‍കുകയും ചെയ്തു. സര്‍വകലാശാലകളിലെ രാഷ്ട്രീയഉദ്യോഗസ്ഥ ഇടപെടലുകള്‍ അസഹനീയമാണ്. രാജ്യത്തിന്റെ യശ്ശസിനെ ബാധിച്ച ചാന്‍സലര്‍ പദവിയില്‍ തുടരാനാകില്ലെന്നുമാണ് ഗവര്‍ണറുടെ നിലപാട്.
രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തന്നെയെന്നത് തെളിയിക്കുന്ന കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡിസംബര്‍ 7 നാണ് വൈസ് ചാന്‍സലര്‍, സര്‍വകലാശാലാ ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാന്‍ ചാന്‍സലര്‍ ശുപാര്‍ശ ചെയ്തിരുന്നു എന്ന് തെളിയിക്കുന്നതാണ് കത്ത്. ഗവര്‍ണര്‍ക്ക് കത്തയയ്ക്കാന്‍ വിസിക്ക് എങ്ങനെ ധൈര്യമുണ്ടായെന്ന് ചോദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും രംഗത്തെത്തി.