India

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു. 11 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കേസുകൾ 65 ആയി. നവി മുംബൈ, പിംപ്രി ചിഞ്ച് വാട് മേഖലകളിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ജമ്മുവിലും മൂന്ന് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് ശതമാനത്തിൽ കൂടുതലുളള മേഖലകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. (omicron cases increasing india)

കഴിഞ്ഞ 24 മണിക്കൂറിനിടെ 102 കോവിഡ് കേസുകളും ഒരു മരണവും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. ആറ് മാസത്തിനിടയിലെ ഏറ്റവും കണക്കാണിത്.

മുംബൈയിൽ ഇരുനൂറോ അതിൽ കൂടുതലോ ആളുകൾ പങ്കടുക്കുന്ന ചടങ്ങിന് മുൻകൂർ അനുമതി ആവശ്യമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഒമിക്രോൺ ഭീഷണിയെ തുടർന്നാണ് മുൻകൂർ അനുമതി വാങ്ങാനുള്ള തീരുമാനമെന്ന് ബൃഹൺ മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു. സർക്കുലർ പ്രകാരം ആളുകൾ കൂടുന്ന ഇത്തരം ഇടങ്ങളിൽ ഏത് പരിപാടി നടത്താനും പൊലീസിന്റെ അനുമതി വേണം.

നഗരത്തിൽ നടത്തുന്ന ചടങ്ങുകളിൽ കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നതും ഉറപ്പാക്കണം. അടച്ചിട്ട (ഇൻഡോർ) ഹാളുകളിൽ ആണെങ്കിൽ ആകെ ശേഷിയുടെ 50 ശതമാനം മാത്രമേ പ്രവർത്തിക്കാവൂ. അതേസമയം ഓപ്പൺ ടു സ്‌കൈ വേദികൾ മൊത്തം ശേഷിയുടെ 25 ശതമാനം മാത്രമേ പ്രവർത്തിക്കാവൂ എന്നും സർക്കുലറിൽ പറയുന്നു.

കഴിഞ്ഞ മാസം മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരം 1000ത്തിൽ താഴെ ആളുകൾ പൊതുപരിപാടികൾക്കായി ഒത്തുകൂടുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ലായിരുന്നു.അതേസമയം രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 200ലെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് കൂടുതൽ കേസുകൾ. തെലങ്കാന, കർണാടക, രാജസ്ഥാൻ , കേരളം, ഗുജറാത്ത് എന്നിവയാണ് ഒമിക്രോൺ ബാധിച്ച മറ്റ് സംസ്ഥാനങ്ങൾ.