കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ജമ്മുകശ്മീർ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മഫ്തി എന്നിവർക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തി. വിചാരണ കൂടാതെ ആരെയും മൂന്നു മാസത്തേക്ക് തടങ്കലിൽ വയ്ക്കാൻ പൊലീസിന് അനുമതി നൽകുന്നതാണ് പൊതു സുരക്ഷാ നിയമം. ഇവരെ കരുതൽ തടങ്കലിൽനിന്നും വിട്ടയച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഉമറിനും മെഹ്ബൂബക്കും എതിരെ പുതിയ കുറ്റം ചുമത്തിയിരിക്കുന്നത്. ഇവർക്കു പുറമേ നാഷനൽ കോൺഫറൻസ് നേതാവ് അലി മുഹമ്മദ് സാഗർ, പി.ഡി.പി നേതാവ് സർതാജ് മാധ്‌വി എന്നിവർക്കെതിരെയും പൊതു സുരക്ഷാ നിയമം ചുമത്തി കേസെടുത്തിട്ടുണ്ട്.
ഒമര്‍ അബ്ദുള്ളയുടെ പിതാവ് ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ കഴിഞ്ഞ സെപ്റ്റംബറില്‍തന്നെ ഈ നിയമം ചുമത്തിയിരുന്നു. ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ നാൽപ്പത്തിയൊൻപതുകാരനായ ഒമറിനേയും അറുപതുകാരിയായ മെഹബൂബയേയും 2019 ഓ ഗസ്റ്റ് അഞ്ചിന് സർക്കാർ വീട്ടുതടങ്കലിലാക്കുകയായിരുന്നു. ബുധനാഴ്ച സജാദ് ലോൺ, വാഹീദ് പാര എന്നിവരെ വീട്ടുതടങ്കലിൽനിന്നും വിട്ടയച്ചിരുന്നു. രണ്ടു പേരെയും എംഎൽഎ ഹോസ്റ്റലിലാണ് കരുതൽ തടങ്കലിൽ സൂക്ഷിച്ചിരുന്നത്.
രാജ്യത്തു നിലവിലുള്ള ദേശീയ സുരക്ഷാനിയമം (എൻ.എസ്.എ) പോലെ കശ്മീരിനു മാത്രം ബാധകമായതാണ് പി.എസ്.എ. പൊതുസമാധാനം, സംസ്ഥാന സുരക്ഷയ്ക്കു ഭീഷണി എന്നീ രണ്ടു വകുപ്പുകളുള്ളതിൽ ആദ്യ വകുപ്പിൽ ഉൾപ്പെടുത്തിയാണ് ഫറൂഖ് അബ്ദുല്ലയെ അറസ്റ്റു ചെയ്തത്. ആദ്യ വകുപ്പ് പ്രകാരം 6 മാസം വരെ വിചാരണ ചെയ്യാതെ തടവിൽ പാർപ്പിക്കം. രണ്ടാമത്തെ വകുപ്പാണെങ്കിൽ 2 വർഷം വരെ വിചാരണയില്ലാതെ തടവിലിടാം. ഫാറൂഖ് അബ്ദുല്ലയുടെ പിതാവ് ഷെയ്ഖ് അബ്ദുല്ല മുഖ്യമന്ത്രിയായിരുന്നപ്പോൾ തടി കള്ളക്കടത്തുകാരെ ജയിലിലിടാൻ 1978ൽ കൊണ്ടുവന്ന നിയമമാണിത്.