India

അന്തിമ പേയ്‌മെന്റിനായുള്ള വിന്‍ഡോ തുറന്ന് ഓല ഇലക്ട്രിക്

ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ആദ്യ ഗഡു അടച്ച് ബുക്ക് ചെയ്തവര്‍ക്കായി അന്തിമ പേയ്‌മെന്റ് വിന്‍ഡോ തുറന്നു. 20,000 രൂപ നല്‍കി ബുക്ക് ചെയ്തവര്‍ക്കായുള്ള പേയ്‌മെന്റ് വിന്‍ഡോ ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ ഓപ്പണ്‍ ആയതായി ഓല ചെയര്‍മാന്‍ ബവിഷ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തു. അന്തിമ പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി സ്‌കൂട്ടര്‍ വിതരണം ചെയ്യും.

499 രൂപയ്ക്ക് ബുക്കിംഗ് ആരംഭിക്കുമ്പോള്‍ ഒക്ടോബര്‍ മാസത്തോടെ സ്‌കൂട്ടറുകള്‍ വിതരണം ചെയ്യാനാകുമെന്നാണ് ഓല ഇലക്ടിക് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഡെലിവറി നവംബറിലേക്ക് നീട്ടുകയും പിന്നീട് ഡിസംബര്‍ പകുതിയോടെ ഡെലിവറി ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

അതാത് സംസ്ഥാനങ്ങളിലെ സബ്‌സിഡികള്‍ ഓല സ്‌കൂട്ടറിനു ലഭിക്കും. ഡല്‍ഹിയില്‍ എസ്1ന്റെ വില 85,009 രൂപ ആയിരിക്കും. ഗുജറാത്തില്‍ വീണ്ടും വില കുറയും. 79,000 രൂപയ്ക്ക് ഗുജറാത്തില്‍ നിന്ന് ഓല എസ്1 ലഭിക്കും. 2999 രൂപ മുതലുള്ള ഇഎംഐ സൗകര്യവും സ്‌കൂട്ടറിനു ലഭിക്കും. സംസ്ഥാന സബ്‌സിഡികള്‍ പരിഗണിക്കുമ്പോള്‍ പെട്രോള്‍ സ്‌കൂട്ടറുകളെക്കാള്‍ കുറഞ്ഞ വിലയിലാവും ഓല സ്‌കൂട്ടറുകള്‍ ലഭിക്കുക.