India

ഒഎൻജിസിയുടെ എണ്ണപ്പാടങ്ങൾ സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ നീക്കം

ഒഎൻജിസിയുടെ എണ്ണപ്പാടങ്ങൾ സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നീക്കം. പെട്രോളിയം മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി അമർ നാഥ് ഒഎൻജിസി ചെയർമാൻ സുഭാഷ് കുമാറിന് ഇതടക്കമുള്ള പദ്ധതി കൈമാറി.

കമ്പനിയെ സ്വകാര്യവത്ക്കരിക്കുക, വൈവിധ്യവത്ക്കരിക്കുക, വരുമാനം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ ഇടപെടൽ. 2023-24 വർഷമാകുമ്പോഴേക്കും കമ്പനിയുടെ ഉത്പാദനക്ഷമത മൂന്നിലൊന്ന് വർധിപ്പിക്കുകയാണ് സർക്കാരിന്റെ പദ്ധതി.

പന്ന-മുക്ത, രത്ന, ആർ സീരീസ് എന്നീ ഗ്രേഡുകളിലുള്ള പടിഞ്ഞാറൻ തീരത്തെ എണ്ണ പാടങ്ങളും ഗുജറാത്തിലെ ഗാന്ധാറും സ്വകാര്യ കമ്പനികൾക്ക് വിൽക്കാനാണ് നിർദേശം. കമ്പനിയുടെ ഓരോ മേഖലയും പ്രത്യേകം കമ്പനികളാക്കി മാറ്റാനും നിർദേശമുണ്ട്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഒഎൻജിസിയെ സ്വകാര്യവത്ക്കരിക്കാൻ നടത്തുന്ന മൂന്നാമത്തെ നീക്കമാണിത്.