ഒഡീഷയിൽ ഏറ്റവും അവഗണിക്കപ്പെട്ട സമൂഹമാണ് മത്സ്യത്തൊഴിലാളികള്‍. സംസ്ഥാനത്ത് ആയിരത്തിലധികം മത്സ്യത്തൊഴിലാളി ഗ്രാമങ്ങളുണ്ട്. 485 കിലോമീറ്ററാണ് ഒഡീഷയുടെ തീരപ്രദേശം. സംസ്ഥാനത്ത് എത്ര മത്സ്യത്തൊഴിലാളികളുണ്ട് എന്നതിന് സർക്കാരിൽ ഒരു കണക്കുമില്ല.
ഇത് നാട്ടുകാരായ മത്സ്യത്തൊഴിലാളികളുടെ കാര്യം. ഇതിലും മോശമായ അവസ്ഥയാണ് ആന്ധ്രയിൽ നിന്നും ബംഗാളിൽ നിന്നും കുടിയേറിയ മത്സ്യത്തൊഴിലാളികളുടെത്- “ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല. പൊട്ടിപ്പൊളിഞ്ഞ വീടാണ്. കുടിയ്ക്കാനും പാചകം ചെയ്യാനും ശുദ്ധജലമില്ല”
ആന്ധ്രയിൽ നിന്ന് ജോലി തേടിയെത്തിയ നൂറുക്കണക്കിന് കുടുംബങ്ങളുണ്ട്, പുരിയിൽ. കുടിയേറ്റക്കാരായ ഇവർക്ക് സ്വന്തം നാട്ടിൽ നിന്നും ഇവിടെ നിന്നും സഹായമൊന്നും കിട്ടുന്നില്ല. ആന്ധ്ര സർക്കാരിൽ നിന്നും ഒന്നും കിട്ടുന്നില്ല. ഇവിടെ നിന്നും ദുരിതാശ്വാസം പോലും കിട്ടുന്നില്ല. തിരിച്ചറിയൽ കാർഡും ഇല്ല.
വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇവരുടെ താമസം. ഒഡീഷയിൽ പതിവായ ചുഴലിക്കാറ്റും പേമാരിയും വരുമ്പോൾ ഗ്രാമം വിട്ട് മറ്റൊരിടത്ത് ഇവർ അഭയം തേടേണ്ടി വരുന്നു.