India National

പൗരത്വ നിയമത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കൊഹ്‍ലിയുടെ മറുപടി ഇങ്ങനെ…

പൗരത്വ ഭേദഗതി നിയമത്തെ (സി‌.എ‌.എ) എതിർത്ത് രാജ്യവ്യാപകമായി പ്രതിഷേധം ആഞ്ഞടിക്കുകയാണ്. സാധാരണ സമരങ്ങളെ പോലെ ദിവസങ്ങള്‍ കഴിയുന്തോറും തീഷ്ണത കുറയുന്നതു പോലെയല്ല സി.എ.എയ്ക്കെതിരെ ആളിപ്പടരുന്ന പ്രതിഷേധം. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ഇതിനോടകം സി.എ.എക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു.

ഒടുവില്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‍ലിയും മാധ്യമങ്ങളോട് പ്രതികരിച്ചു. പക്ഷേ ഇപ്പോള്‍ ഈ പ്രതിഷേധങ്ങളോട് പ്രതികരിക്കുന്നത് ഉത്തരവാദിത്തമില്ലായ്മയായി പോകുമെന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം. ശ്രീലങ്ക – ഇന്ത്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി ഗുവാഹത്തിയിൽ നടന്ന പത്രസമ്മേളനത്തിലാണ് കൊഹ്‌ലിയുടെ പരാമർശം. കഴിഞ്ഞ മാസം ലോക്സഭയിൽ ബിൽ അവതരിപ്പിച്ചതുമുതൽ അസം കടുത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ്. എങ്കിലും ഈ നഗരം സുരക്ഷിതമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് കൊഹ്‌ലി മാധ്യമപ്രവർത്തകരോട് പറഞ്ഞു.”പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് എനിക്ക് വേണ്ടത്ര അറിവില്ലാത്തതിനാൽ അഭിപ്രായം പറയുന്നത് നിരുത്തരവാദപരമാകും. ഏതായാലും ഈ നഗരം തികച്ചും സുരക്ഷിതമാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്.” – കൊഹ്‍ലി പറഞ്ഞു.

”നാല് ദിവസത്തെ ടെസ്റ്റ് എന്ന ആശയത്തെ കൊഹ്‌ലി എതിര്‍ത്തു. ഇത് തനിക്കത്ര ആകർഷമാണെന്ന് തോന്നുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “എന്റെ അഭിപ്രായത്തിൽ, ടെസ്റ്റ് മത്സരങ്ങളുടെ ദൈര്‍ഘ്യത്തില്‍ മാറ്റം വരുത്തരുത്. ഞാൻ പറഞ്ഞതുപോലെ, ടെസ്റ്റ് ക്രിക്കറ്റിനെ വാണിജ്യവത്ക്കരിക്കുന്നതിനുള്ള മറ്റൊരു പടിയാണ് പകൽ രാത്രി മത്സരക്രമം. ഇത് വന്‍ ആവേശമാണ് സൃഷ്ടിക്കുന്നത്. പക്ഷേ ഇത് അത്രത്തോളം ഉൾക്കൊള്ളാൻ കഴിയില്ല. ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല, ” കൊഹ്‍ലി പറഞ്ഞു.