ഇന്ത്യയിലെ കോവിഡ് മരണസംഖ്യ മൂന്നു ലക്ഷം കടന്നെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, ഇതാണോ രാജ്യത്തെ യഥാർത്ഥ കോവിഡ് ചിത്രമെന്ന സംശയം നേരത്തെ തന്നെ സാമൂഹിക, ആരോഗ്യ പ്രവർത്തകർ ഉയർത്തിയതാണ്. ഇപ്പോൾ അന്താരാഷ്ട്ര പഠനങ്ങളെ കൂട്ടുപിടിച്ച് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സ്ഥിതി ഇതിലും ഇരട്ടി ഭീകരമാണെന്നാണ്. നിലവിലെ മരണസംഖ്യയുടെ ഇരട്ടിപേർ ഏറ്റവും ചുരുങ്ങിയത് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടാകുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മരണം പത്തുലക്ഷത്തിനു മീതെ രണ്ടുഘട്ടങ്ങളിലായി ഇന്ത്യയിൽ പത്തുലക്ഷത്തിലേറെ പേർക്ക് മഹാമാരിയുടെ ഇരകളായി ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലെ കണക്കുകൂട്ടൽ. വിവിധ അന്താരാഷ്ട്ര പഠനങ്ങളെ ആധാരമാക്കിയാണ് പത്രം ഇങ്ങനെയൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. പത്തിലേറെ വിദഗ്ധരുമായി ഇതുമായി ബന്ധപ്പെട്ട് ഉപദേശങ്ങൾ തേടുകയും ചെയ്തിട്ടുണ്ട്. ഫോബ്സ് പോലെയുള്ള വിവിധ പ്രസിദ്ധീകരണങ്ങളും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണം വ്യക്തമാക്കുന്ന രക്തപരിശോധനയുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് ചുരുങ്ങിയത് ഇത്ര പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നു കണക്കുകൂട്ടുന്നത്. രേഖകൾ എല്ലായിടത്തും ഒരുപോലെ കൃത്യമായി സൂക്ഷിക്കാത്തതിനാൽ കോവിഡ് ബാധിതരുടെ നിരക്ക് തന്നെ ഇപ്പോൾ പുറത്തുവന്നതിലും എത്രയോ ഇരട്ടിയാകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതോടൊപ്പം ഗ്രാമീണ മേഖലകളിലടക്കം കോവിഡ് പരിശോധന തന്നെ എത്താത്ത നിരവധി പ്രദേശങ്ങൾ രാജ്യത്തുണ്ട്. കഴിഞ്ഞയാഴ്ചയാണ് ലോകത്തെ ഏറ്റവും വലിയ പ്രതിദിന കോവിഡ് മരണനിരക്ക് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഈ സംഖ്യ തന്നെ യഥാർത്ഥ കണക്കിലും കുറവായിരിക്കുമെന്ന് പത്രം പറയുന്നു. കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് ലോകത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് മരണനിരക്കിന്റെ രണ്ടിരട്ടിയോ മൂന്നിരട്ടിയോ ആകും യഥാർത്ഥ കണക്കെന്നാണ്. Read Also കോവിഡ് ചികിത്സയ്ക്ക് ട്രംപിന് നൽകിയ ആന്റിബോഡി ഇന്ത്യയിൽ; ആദ്യം സ്വീകരിച്ചത് ഹരിയാന സ്വദേശി മരണം കൂടുതൽ ഗ്രാമങ്ങളിൽ; ഔദ്യോഗിക കണക്കുകൾക്ക് പുറത്ത് പലകാരണങ്ങളാലാണ് ഇന്ത്യയിലെ യഥാർത്ഥ കണക്ക് പുറത്തുവരാത്തതെന്നാണ് ജോർജിയയിലെ എമോറി സർവകലാശാലയിൽ സാംക്രമികരോഗ വിദഗ്ധയായ കയോകോ ഷിയോദ പറയുന്നത്. പ്രധാന കാരണം, ഇന്ത്യയിലെ ആശുപത്രികൾ കോവിഡ് രോഗികളെ ഉൾക്കൊള്ളാനാകാതെ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. എല്ലാവരെയും ഉൾക്കൊള്ളാനുള്ള ശേഷിയും മെഡിക്കൽ സജ്ജീകരണങ്ങളും നിലവിൽ രാജ്യത്തില്ല. അതിനാൽ തന്നെ കൂടുതൽ കോവിഡ് മരണങ്ങളും സംഭവിക്കുന്നത് വീടുകളിലാണ്. പ്രത്യേകിച്ചും ഗ്രാമീണമേഖലയിൽ. ഇതാണെങ്കിൽ ഔദ്യോഗിക കണക്കുകളിൽ ചേർക്കപ്പെടുന്നുമില്ലെന്ന് ഷിയോദ സൂചിപ്പിക്കുന്നു. Read Also ബാബാ രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ഐ.എം.എ രാജ്യത്ത് ഈ സമയത്ത് ആശുപത്രികൾക്കു പുറത്തുള്ള വലിയ തോതിലുള്ള മരണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നില്ലെന്ന് ഒരു സംഘം ഗവേഷകർ പറയുന്നു. കോവിഡ് പരിശോധന പരിമിതമാണ്. ഇതോടൊപ്പം തങ്ങളുടെ ബന്ധുക്കൾ കോവിഡ് ബാധിച്ചാണു മരിച്ചതെന്ന് വെളിപ്പെടുത്താൻ ആളുകൾ മടിക്കുന്ന സാഹചര്യവുമുണ്ട്. കോവിഡിനു മുൻപ് തന്നെ രാജ്യത്തെ അഞ്ചിൽ നാല് മരണങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സെറോ സർവേകളും പറയുന്നത് മറ്റൊന്നല്ല രാജ്യത്തെ കോവിഡ് ബാധയുടെയും മരണത്തിന്റെയും കൂടുതൽ വിശ്വസനീയമായ കണക്കെടുക്കാനുള്ള ഒരു മാർഗം സെറോളജിക്കല്‍ സർവേകൾ അഥവാ ആന്റിബോഡി പരിശോധനകളാണ്. ഇതുവരെ മൂന്ന് സെറോസർവേകളാണ് രാജ്യത്ത് കോവിഡിനിടെ നടന്നത്. ഇതിൽ മൂന്നിൽനിന്നും ലഭിച്ച കണക്കുകൾ ഔദ്യോഗിക കണക്കിലും എത്രയോ ഇരട്ടിയാണ്. Read Also ഏറ്റവും കൂടുതൽ വാക്സിൻ പാഴാക്കുന്ന സംസ്ഥാനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് നിരക്കിനെക്കാളും 13.5 മുതൽ 28.5 വരെ ശതമാനം കൂടുതൽ രോഗവ്യാപനമുണ്ടെന്നാണ് മൂന്നു റിപ്പോർട്ടുകളും വ്യക്തമാക്കിയത്. എന്നാൽ, അവസാനമായി സെറോ സർവേ നടന്നത് കഴിഞ്ഞ ജനുവരിയിലാണ്. അഥവാ, രണ്ടാം തരംഗം പിടിമുറുക്കുന്നതിനും മുൻപ്. അതുകൊണ്ട്, ഇപ്പോഴത്തെ കണക്ക് പറയാവുന്നതിനും അപ്പുറമായിരിക്കുമെന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്. രാജ്യത്തെ ജനസംഖ്യയുടെ പകുതി പേർക്കും രോഗം ബാധിച്ചിട്ടുണ്ടാകാമെന്ന് ഇവർ സൂചിപ്പിക്കുന്നു. മിക്ക രാജ്യങ്ങളെയും പോലെ ഇന്ത്യയിലും കോവിഡ് ബാധയുടെയും മരണത്തിന്റെയും കണക്ക് മൂടിവച്ചിരിക്കുകയാണെന്ന് സെന്റർ ഫോർ ഡിസീസ് ഡൈനാമിക്സ്, ഇക്കോണമിക്സ് ആൻഡ് പോളിസി ഡയരക്ടർ ഡോ. രമണൻ ലക്ഷ്മിനാരായണൻ പറയുന്നു. വിവിധ സ്രോതസുകളിൽനിന്ന് വിവരം ശേഖരിച്ച്, അവ ചേർത്തുവച്ച് ഒരു പഠനം നടത്തിയാലേ ഏറെക്കുറെ കൃത്യമായ ചിത്രം വ്യക്തമാകൂവെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ നോക്കിയാൽ 50 കോടി മുതൽ 60 കോടി വരെ ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ടാകുമെന്നാണ് രമണന്റെ കണക്കുകൂട്ടല്‍.