രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമാവുകയാണ്. കർണാടകയിൽ കൊവിഡ് മരണം ആറായിരം കടന്നു.
24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 18,105 പോസിറ്റീവ് കേസുകളും 391 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 8,43,844 വും മരണം 25,586 ഉം ആയി. കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8865 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 104 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.
ആന്ധ്രാപ്രദേശിൽ 10,199 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,65,730 ആയി. 24 മണിക്കൂറിനിടെ 75 പേരാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. മരിച്ചവരുടെ എണ്ണം 4,200 ആയി. തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചതിനെക്കാൾ കൂടുതൽ പേർ രോഗമുക്തി നേടി. 5,892 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
എന്നാൽ, 6,110 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. തലസ്ഥാനമായ ചെന്നൈയിൽ തന്നെയാണ് ഇപ്പോഴും കൊവിഡ് വ്യാപനം ഏറ്റവുമധികം. 968 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,38,724 ആയി.
അതേസമയം, കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർ മാസ്‌ക് ധരിക്കണമെന്ന നിർദേശം നൽകിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, ഒരുകൂട്ടം ആളുകൾ വ്യായാമവും മറ്റും നടത്തുമ്പോൾ മാക്‌സ് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.