India

രാമക്ഷേത്ര നിർമാണത്തിന് ധനസമാഹരണ കാമ്പയിനുമായി കോൺഗ്രസ് വിദ്യാർത്ഥി സംഘടന

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ധനസമാഹരണ യജ്ഞവുമായി കോൺഗ്രസ് വിദ്യാർത്ഥി സംഘടന എൻ.എസ്.യു.ഐ. വിദ്യാർത്ഥികളിൽ നിന്നും ധനശേഖരണം നടത്തുന്ന കാമ്പയിനു എൻ.എസ്.യു.ഐ രാജസ്ഥാൻ സംസ്ഥാന അധ്യക്ഷൻ അഭിഷേക് ചൗധരി ചൊവ്വാഴ്ച ജയ്‌പൂരിലെ കോമേഴ്‌സ് കോളേജിൽ തുടക്കം കുറിച്ചു.

‘ഏക് റുപ്യാ രാം കെ നാം’ (രാമക്ഷേത്രത്തിനു ഒരു രൂപ) എന്ന് പേരിട്ട യജ്ഞത്തിന്റെ ആദ്യ ദിവസം സംഘടനയുടെ നൂറോളം പ്രവർത്തകർ വിദ്യാർത്ഥികളിൽ നിന്ന് ധനസമാഹരണം നടത്തി. “പതിനഞ്ച് ദിവസത്തെ യജ്ഞത്തിലൂടെ സംസ്ഥാനത്തെ എല്ലാ കോളേജുകളിലും ധനസമാഹരണം നടത്തും. പിരിഞ്ഞു കിട്ടുന്ന തുക അയോധ്യയിലെ രാമക്ഷേത്ര അധികാരികൾക്ക് നൽകും” – എൻ.എസ്.യു.ഐ വക്താവ് രമേശ് ഭാട്ടി പറഞ്ഞു.

അതേസമയം രാമക്ഷേത്ര നിർമാണത്തിന് ധനസമാഹരണം ലക്ഷ്യമിട്ട് ബി.ജെ.പി വടക്കു കിഴക്കൻ ഡൽഹിയിൽ നടത്താനിരുന്ന രഥയാത്ര മാറ്റിവെച്ചു. പാർട്ടി എം.പി മനോജ് തിവാരിയുടെ നേതൃത്വത്തിലാണ് യാത്ര നടത്താൻ ഉദ്ദേശിച്ചിരുന്നത്. കർഷക സമരം നടക്കുന്നതിനാലാണ് യാത്ര മാറ്റിവെച്ചത്.