അസമിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഏതെങ്കിലും മതവിഭാഗങ്ങളെ ഒഴിവാക്കുമെന്ന വ്യവസ്ഥത എൻ.ആർ.സിയിൽ ഇല്ലെന്നും ആരും പേടിക്കേണ്ടതില്ലെന്നും ഷാ പറഞ്ഞു.
‘ഏതെങ്കിലും മതവിഭാഗങ്ങളെ ഒഴിവാക്കുമെന്ന വ്യവസ്ഥ എൻ.ആർ.സിയിൽ ഇല്ല. മതഭേദമന്യേ എല്ലാ ഇന്ത്യക്കാരെയും എൻ.ആർ.സി ലിസ്റ്റിൽ ഉൾപ്പെടുത്തും. എൻ.ആർ.സിയും പൗരത്വ ഭേദഗതി ബില്ലും രണ്ടാണ്.’ രാജ്യസഭയിൽ സംസാരിക്കവെ ഷാ പറഞ്ഞു.
‘എൻ.ആർ.സി രാജ്യത്തുടനീളം നടപ്പാക്കും. മതത്തിന്റെ പേരിൽ ആരും ഭയപ്പെടേണ്ടതില്ല. ഇത് എല്ലാവരെയും എൻ.ആർ.സിക്കു കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമാണ്.’ – ഷാ കൂട്ടിച്ചേർത്തു.
അതേസമയം, അയൽരാഷ്ട്രങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു കുടിയേറിയ മുസ്ലിംകൾ അല്ലാത്ത അഭയാർത്ഥികൾക്ക് പൗരത്വം നൽകുമെന്നും പൗരത്വ ബിൽ അതുദ്ദേശിച്ചുള്ളതാണെന്നും ഷാ പറഞ്ഞു.
‘ഹിന്ദു, ബുദ്ധ, സിഖ്, ജെയ്ൻ, ക്രിസ്ത്യൻ, പാർസി അഭയാർത്ഥികൾക്ക് പൗരത്വം നൽകേണ്ടതുണ്ട്. അതിനാണ് പൗരത്വ ഭേദഗതി ബില്ലിന്റെ ആവശ്യം. അതുവഴി പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും.’ – ഷാ പറഞ്ഞു.