അസമിന് പിന്നാലെ ദേശീയ പൗരത്വ പട്ടിക നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. എന്‍.ആര്‍.സി നടപ്പാക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബൈറണ്‍ സിങ് പറഞ്ഞു. എന്‍.ആര്‍.സി നടപ്പാക്കുന്നതിന് മുന്നോടിയായി തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അസമിലെ ഗുവാഹത്തിയില്‍ ബി.ജെ.പി സഖ്യകക്ഷികളുടെ യോഗം നടക്കുന്നതിനിടെയാണ് എന്‍.ആര്‍.സി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന പ്രതികരണവുമായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബൈറണ്‍ സിങ് രംഗത്തെത്തിയത്. ‘കാബിനറ്റ് നേരത്തെ തന്നെ ഇക്കാര്യം തീരുമാനിച്ചതാണ്. എന്‍.ആര്‍.സി നടപ്പാക്കാനായി പ്രത്യേക പ്രമേയവും കാബിനറ്റ് പാസാക്കിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കും. പല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത് ആവശ്യമാണെന്നും’ ബൈറണ്‍ സിങ് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലും സമാന നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
എന്‍.ആര്‍.സി നടപ്പാക്കുന്നതിന് മുന്നോടിയായി നവി മുംബൈയില്‍ തടങ്കല്‍ നിര്‍മ്മാണത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇക്കാര്യം സംബന്ധിച്ച് മഹാരാഷ്ട്രയില്‍ ആഭ്യന്തരമന്ത്രാലയം നവി മുംബൈ ആസൂത്രണ അതോറിറ്റിക്ക് കത്തയച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രമകലെ നേറുളില്‍ മൂന്ന് ഏക്കര്‍ സ്ഥലം തടങ്കല്‍ പാളയ നിര്‍മ്മാണത്തിന് ആവശ്യപ്പെട്ടാണ് കത്തെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കി.
എന്നാല്‍ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് രാജ്യത്തെ എല്ലാ ഇമിഗ്രേഷന്‍ പോയന്‍റുകളിലും തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കേണ്ടതുണ്ടെന്ന വിശദീകരണമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്നത്. ആഗസ്റ്റ് 31നാണ് അസമില്‍ പൗരത്വ പട്ടിക പുറത്തിറക്കിയതും ഇറങ്ങിയതും 19 ലക്ഷം പേര്‍ പുറത്തായതും. ഇതുസംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കെയാണ് ബി.ജെ.പി ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ സമാന ആവശ്യമുന്നയിച്ച് രംഗത്തെത്തുന്നത്.