നോട്ട് നിരോധന പ്രഖ്യാപനത്തിന് ഇന്ന് 6 വയസ്സ്. സമ്പത്ത് വ്യവസ്ഥയിൽ സമ്മിശ്ര പ്രതിഭലനം ഉണ്ടാക്കിയ നോട്ട് നിരോധനം വിജയകരമായിരുന്നെന്ന് സർക്കാരും പരാജയമായിരുന്നെന്ന് പ്രതിപക്ഷവും ഇപ്പോഴും വിശദീകരിയ്ക്കുന്നു. നോട്ട് നിരോധനത്തിന് തുടർച്ചയായി ഏർപ്പെടുത്തിയ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി ഡിജിറ്റൽ ക്യാഷ് എന്ന ലക്ഷ്യത്തിലാണ് രാജ്യം ഇപ്പോൾ.
നോട്ട് നിരോധനത്തിന് 6 വയസാകുമ്പോൾ രാജ്യത്ത് പൊതുജനത്തിന്റെ കൈവശം ഉള്ള കറൻസി 30 ലക്ഷം കോടിയോളമാണ്. നോട്ട് നിരോധനത്തിന്റെ തൊട്ടു മുന്നത്തെ മാസമായ 2016 ഒക്ടോബറിൽ 17 ലക്ഷം കോടി രൂപ മാത്രമായിരുന്നു ഇത്. കള്ളപ്പണം പിടിച്ചെടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ നോട്ട് നിരോധനം വിജയിച്ചില്ല എന്ന വസ്തുതയ്ക്ക് അടിവരയിടുന്നു ഈ കണക്ക്. പക്ഷേ മറുവശത്ത് കണക്കിൽ പെടാത്ത പണം ബാങ്കിങ് വ്യവസ്ഥയ്ക്ക് കീഴിൽ എത്തി എന്നത് വസ്തുതയുമാണ്.
2.5 ലക്ഷം ‘കടലാസ് കമ്പനി’കളുടെ റജിസ്ട്രേഷൻ റദാക്കി. 22 ലക്ഷം അക്കൗണ്ടുകളുടെ പരിശോധനയും നടപടിയും പുരോഗമിയ്ക്കുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ യാഥാർത്ഥ്യമാകുന്ന സമ്പദ്‌വ്യവസ്ഥയുടെ ഔപചാരികവൽക്കരണത്തിന് കാരണം (formalization) നോട്ട് നിരോധനം ആണെന്നാണ് കേന്ദ്രസർക്കാർ വാദം. നോട്ട് നിരോധനത്തിന്റെ മികച്ച നേട്ടം ഡിജിറ്റൽ ഇടപാടുകളിൽ ഉണ്ടായിട്ടുള്ള കുതിച്ചുചാട്ടമാണ്. 2015-16നു ശേഷം ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ 60 ശതമാനമെങ്കിലും വാർഷിക വർധന ഉണ്ടായി.
തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരുന്ന ഗ്രാമീണമേഖലയിലും നഗരങ്ങളിലെ അസംഘടിത മേഖലകളിലും കറൻസിക്ഷാമം സൃഷ്ടിച്ച കൂടുതൽ തൊഴിൽനഷ്ടവും ഉൽപാദനത്തിൽ ഇടിവും തുടരുകയാണ്. തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ഇടത്തരക്കാർ തുടങ്ങിയവരെക്കൂടാതെ ചെറുകിട–ഇടത്തരം സംരംഭകരും നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതത്തിൽ നിന്ന് ആറാം വർഷവും മുക്തരല്ല. കാതൽ വ്യവസായങ്ങളിലെ ഉൽപാദനം തുടർച്ചയായി ചുരുങ്ങുന്ന പ്രവണതയും തുടരുകയാണ്. തൊഴിൽവളർച്ചാ നിരക്കുകളും പ്രതിക്ഷിച്ചതു പോലെ ആറാം വാർഷികത്തിലും ഉയർന്നിട്ടില്ല.
അതേസമയം നോട്ട് നിരോധനത്തിന് തുടർച്ചയായി വന്ന 2016ലെ പാപ്പരത്ത കോഡ് കിട്ടാക്കടങ്ങൾ നിയന്ത്രിയ്ക്കുന്നതിൽ വിജയിച്ചു. ആറാം വാർഷികത്തിൽ നോട്ട് നിരോധനം വലിയ നേട്ടങ്ങൾ സമ്മാനിച്ചെന്ന നിലപാടാണ് കേന്ദ്രസർക്കാർ ആവർത്തിയ്ക്കുന്നത്. അതേസമയം, രാജ്യത്തെ വളർച്ച നിരക്ക് അടക്കം കുറഞ്ഞതിന്റെ കാരണം മറ്റൊന്നല്ല എന്നാണ് പ്രതിപക്ഷത്തിന്റെ വാദം.