പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യം മുഴുവന്‍ അലയടിച്ചു കൊണ്ടിരിക്കെ നിയമത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമത്തില്‍ നിന്നും കേന്ദ്രം പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ അമിത് ഷാ പ്രതിഷേധിക്കേണ്ടവര്‍ക്ക് അത് തുടരാമെന്നും പറഞ്ഞു. ലക്നൌവില്‍ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
നിയമം രാജ്യത്തെ പൗരന്‍മാര്‍ക്ക് എതിരല്ലെന്ന് പറഞ്ഞ അമിത് ഷാ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നുണ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു. ആരുടെയും പൗരത്വം എടുത്തുകളയാന്‍ സി.എ.എ കൊണ്ടാവില്ലെന്നും പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, ത്രിണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണെന്നും കുറ്റപ്പെടുത്തി.
വിഭജാനന്തര സമയത്ത് ഹിന്ദു, സിക്ക്, ബുദ്ധ, ജൈന്‍ വിഭാഗക്കാര്‍ ബംഗ്ലാദേശിന്റെ 30 ശതമാനവും പാക്കിസ്താന്റെ 23 ശതമാനവുമുണ്ടായിരുന്നെന്നും പക്ഷെ ഇന്ന് അത് വെറും ഏഴ് ശതമാനത്തിലും മൂന്ന് ശതമാനത്തിലും എത്തി നില്‍ക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഈ ജനങ്ങളൊക്കെ എവിടെ പോയെന്നും സി.എ.എക്കെതിരെ പ്രതിഷേധക്കുന്നവരോടാണ് ഇതെനിക്ക് ചോദിക്കാനുള്ളതെന്നും അമിത് ഷാ കൂട്ടിചേര്‍ത്തു.
ജനുവരി 5ലെ ജെ.എന്‍.യുവിലെ എ.ബി.വി.പി ആക്രമണത്തെയും അമിത് ഷാ രൂക്ഷമായി കുറ്റപ്പെടുത്തി. ‘ഭാരത മാതാവിനെ 1000 കഷ്ണങ്ങളായി തകര്‍ക്കാന്‍ ആവശ്യപ്പെടുന്നവരെ ജയിലിലയക്കും. രാജ്യവിരുദ്ധമായ മുദ്രാവാക്യങ്ങളാണ് ജെ.എന്‍.യുവില്‍ മുഴങ്ങിയത്. നിങ്ങള്‍ ഭാരത മാതാവാവിനെതിരെ ഇനിയും മുദ്രാവാക്യം മുഴക്കിയാല്‍ നിങ്ങളെ ജയിലിലടക്കും’; അമിത് ഷാ പറഞ്ഞു. ‘രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി എന്നിവരോട് സി.എ.എ വിഷയത്തില്‍ പൊതുജനമധ്യത്തില്‍ ഞാന്‍ സംവാദത്തിനായി വെല്ലുവിളിക്കുകയാണ്’; അമിത് ഷാ പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ ആകാശം തൊടുന്ന രാമക്ഷേത്രം അയോധ്യയില്‍ ഉയരുമെന്നും അമിത് ഷാ കൂട്ടിചേര്‍ത്തു.