കഴിഞ്ഞ അഞ്ച് വർഷമായി ബോംബെ ഐ.ഐ.ടിയിലെ 11 ഡിപ്പാർട്മെന്റുകളിലേക്ക് എസ്.ടി വിഭാഗത്തിൽ പെട്ട ഒരു വിദ്യാർത്ഥിക്ക് പോലും അഡ്മിഷൻ നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തൽ. റൈറ്റ് ടു ഇൻഫർമേഷൻ ആക്ട് പ്രകാരം അംബേദ്‌കർ പെരിയാർ ഫൂലെ സ്റ്റഡി സർക്കിൾ നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. 26 ഡിപ്പാർട്മെന്റുകളുള്ള ബോംബെ ഐ.ഐ.ടിയിൽ ഏറോസ്പേസ് എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് തുടങ്ങിയ പതിനൊന്നോളം ഡിപ്പാർട്മെന്റുകളിലാണ് കടുത്ത വിവേചനം നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എസ്.സി വിഭാഗത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഓരോ വിദ്യാർത്ഥികളെ വീതം, മൂന്ന് ഡിപ്പാർട്മെന്റുകളിൽ മാത്രമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
എന്നാൽ സംവരണ നിയമങ്ങൾ കൃത്യമായി ഐ.ഐ.ടി പാലിച്ചിട്ടുണ്ടെന്നാണ്, വിഷയത്തോട് പ്രതികരിച്ച അക്കാഡമിക് ഡീൻ അമിതവ ദേ പറയുന്നത്. ഇത് നിരസിച്ച അംബേദ്‌കർ പെരിയാർ ഫൂലെ സ്റ്റഡി സർക്കിൾ, സ്ഥാപനത്തിലെ ഒരൊറ്റ ഡിപ്പാർട്ട്മെന്റ് പോലും സംവരണ നിയമങ്ങളോട് നീതി പുലർത്തിയിട്ടല്ലെന്ന് പറഞ്ഞു. ഒബിസി റീസർവഷന്റെ കാര്യത്തിലും സമാന സ്ഥിതിയാണുള്ളത്. അഞ്ചോളം വിഭാഗങ്ങൾ വെറും അഞ്ചിൽ താഴെ വിദ്യാർത്ഥികൾക്ക് മാത്രമാണ് അഡ്മിഷൻ നൽകിയിട്ടുള്ളത്. പി.എച്ച്.ഡിക്ക് പ്രവേശനം നേടിയിട്ടുള്ളവരിൽ 71.6 ശതമാനം പേരും ജനറൽ കാറ്റഗറിയിൽ പെട്ടവരാണ്. നിയമപ്രകാരം ഒബിസി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് 27 ശതമാനവും, പട്ടിക ജാതി- പട്ടിക വർഗക്കാർക്ക് 15, 7.5 ശതമാനവുമാണ് യഥാക്രമം സംവരണം ഉറപ്പാക്കേണ്ടത്.