India National

കനത്ത മഴ: ബിഹാറും ഉത്തർപ്രദേശും മധ്യപ്രദേശും ദുരിതത്തില്‍

ബിഹാറിലും ഉത്തർപ്രദേശിലും വരുന്ന രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മരണസംഖ്യ മധ്യപ്രദേശിൽ 225ഉം ഉത്തർപ്രദേശിൽ 150ഉം കടന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. മഴ തുടരുന്നതിനാൽ കൂടുതൽ എൻ.ഡി.ആർ.എഫ് സംഘങ്ങളെ ദുരിതബാധിത മേഖലകളിൽ വിന്യസിച്ചു.

അതിസങ്കീർണമായിരിക്കുകയാണ് മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ബിഹാറിലെയും സാഹചര്യം. വരുന്ന രണ്ട് ദിവസം കൂടി മഴ തുടർന്നാൽ രക്ഷാപ്രവർത്തനത്തെ സാരമായി തന്നെ ബാധിക്കും. മധ്യപ്രദേശിൽ മരണസംഖ്യ 225 കവിഞ്ഞു. 46,000 കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചത്. ഈ വർഷം പ്രളയത്തിൽ മാത്രം 676 മരണം റിപ്പോർട്ട് ചെയ്തതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി. 6621 കോടി രൂപ സഹായമായി നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തർപ്രദേശിൽ നാല് ദിവസത്തിനിടെ നൂറിലധികം പേരാണ് മരിച്ചത്. പല മേഖലയിലും അവശ്യ വസ്തുക്കൾ പോലും ലഭിക്കാത്തതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥയും ദയനീയമാണ്. സുരക്ഷയുടെ ഭാഗമായി ബല്യ ജയിലിൽ നിന്നും 900 തടവുകാരെ മാറ്റിപ്പാർപ്പിച്ചു.

ബിഹാറിൽ മരണസംഖ്യ 70 കടന്നു. പാട്ന, വൈശാലി, സാകരിയ ജില്ലകളെയാണ് സാരമായി ബാധിച്ചിട്ടുള്ളത്. ഈ മേഖലകളിൽ 5 എൻ.ഡി.ആർ.എഫ് ടീമുകളെ കൂടി വിന്യസിച്ചു. ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്. റോഡ്, റെയിൽ ഗതാഗതം പൂർണമായും പുനസ്ഥാപിക്കാൻ ആയിട്ടില്ല.