India National

ആളുകള്‍ ജാക്കറ്റും പാന്റ്സും ഇടുന്നില്ലേ, പിന്നെ ഇവിടെയെന്ത് സാമ്പത്തിക മാന്ദ്യമെന്ന് ബി.ജെ.പി എം.പി

ഈ രാജ്യത്തെ ജനങ്ങള്‍ ജാക്കറ്റും പാന്റ്സും വാങ്ങി ധരിക്കാന്‍ കഴിവുള്ളവരാണെന്നും അതുകൊണ്ട് തന്നെ ഇവിടെ സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളില്ലെന്നും ബി.ജെ.പി എം.പി വീരേന്ദ്ര സിങ്. ഉത്തർപ്രദേശിലെ ബല്ലിയയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.പി. “മാന്ദ്യം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ മുണ്ടും ഷര്‍ട്ടുമിട്ട് നടക്കുമായിരുന്നു, കോട്ടും ജാക്കറ്റും ധരിക്കില്ലായിരുന്നു. മാന്ദ്യം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ വസ്ത്രങ്ങളും പാന്റുകളും പൈജാമയും വാങ്ങുമായിരുന്നില്ല”.- വീരേന്ദ്ര സിങ് പറഞ്ഞു.

മെട്രോകള്‍ മാത്രമല്ല ഗ്രാമങ്ങളുടെ കൂടി രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്ത് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ മെട്രോകൾ മാത്രമല്ല 6.5 ലക്ഷം ഗ്രാമങ്ങളുമുണ്ട്. ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും ഗ്രാമീണരുടേതാണെന്ന് ബാങ്കിങ് റിപ്പോർട്ടുകൾ പറയുന്നു,” എം.പി പറഞ്ഞു. ഗ്രാമവാസികളുടെ ത്യാഗമില്ലായിരുന്നുവെങ്കില്‍ മുഗളന്‍മാരിൽ നിന്നും ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലല്ലെന്ന് കഴിഞ്ഞ ആഴ്ച പാർലമെന്റിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അവകാശപ്പെട്ടിരുന്നു.