ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തെത്തുടര്‍ന്നാണ് രാഹുല്‍ പാര്‍ട്ടി അധ്യക്ഷപദം ഒഴിഞ്ഞത്
കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് മടങ്ങിയെത്തണമെന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ ഗാന്ധി തള്ളി. ഇക്കാര്യത്തില്‍ ഇനി പുനരാലോചനയില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയതായി ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ”നേതൃത്വന്റെ കാര്യത്തില്‍ ഞാന്‍ നിലപാടു വ്യക്തമാക്കിയതാണ്. ഇതു വിശദീകരിച്ച് പാര്‍ട്ടിക്കു കത്തു നല്‍കുകയും ചെയ്തു. അധ്യക്ഷപദത്തില്‍ തിരിച്ചുവരുന്നതു സംബന്ധിച്ച പ്രശ്‌നം ഇപ്പോള്‍ ഉദിക്കുന്നില്ല” -രാഹുല്‍ നേതാക്കളെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തെത്തുടര്‍ന്നാണ് രാഹുല്‍ പാര്‍ട്ടി അധ്യക്ഷപദം ഒഴിഞ്ഞത്. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി നിയോഗിക്കുകയായിരുന്നു.
കടുത്ത ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലുള്ള സോണിയയ്ക്കു പകരം രാഹുല്‍ തന്നെ അധ്യക്ഷപദത്തില്‍ എത്തുമെന്ന് ഏതാനും ദിവസങ്ങളായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ചില നേതാക്കള്‍ പരസ്യമായി തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ രാഹുല്‍ ഇതുവരെ മനസ്സു തുറന്നിട്ടില്ല.